യു.എ പി എ വിഷയത്തിൽ സിപിഎമ്മിൽ വീണ്ടും വിവാദം കനക്കുന്നു. അലനും താഹക്കുമെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി പി.ജയരാജൻ. അലനും താഹക്കുമെതിരെ യു.എ.പി എ ചുമത്തിയ നടപടിക്കെതിരെ സി.പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തിരുത്തി ജയരാജൻ രംഗത്ത് എത്തിയിരിക്കുന്നത്. പി.ജയരാജന് പിന്നാലെ പി. മോഹനനനെ തള്ളി എം.വി ഗോവിന്ദനും രംഗത്തെത്തി. അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് എം. വി ഗോവിന്ദൻ വ്യക്തമാക്കി.യുഎപി എ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരിമികളുണ്ടെന്നും എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.
പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രിയെയും, പി.ജയരാജനെയും തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഇന്നലെ രംഗത്ത് വന്നിരുന്നു. അലനും താഹയും മാവോയിസ്റ്റുകൾ ആണോ എന്ന് പറയാറായിട്ടില്ലെന്ന് പി മോഹനൻ വ്യക്തമാക്കി. ഇരുവർക്കും എതിരെ പാർട്ടി ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും പി.മോഹനൻ വിശദീകരിച്ചു. അലനും താഹക്കുമെതിരെ യു.എപി എ ചുമത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും ഇരുവരും ഇപ്പോഴും പാർട്ടി അംഗങ്ങൾ തെന്നയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പി. മോഹനനനെ പൂർണമായും തിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പി.ജയരാജൻ.
യുഎപിഎ കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെ.എൽ.എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു എന്നാണ് ജയരാജൻ വ്യക്തമാക്കിയിരിക്കുന്നത്. മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ജയരാജൻ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. അലനും താഹയും സി.പി എമ്മിന്റെ മറ മാവോയിസ്റ്റ് പ്രവർത്തനത്തിന് ഉപയോഗിച്ചും എന്നും എസ്.എഫ്. ഐക്ക് അകത്തും ഇവർ ഫ്രാക്ഷൻ പ്രവർത്തനം നടത്താൻ ശ്രമിച്ചതായും ജയരാൻ വ്യക്തമാക്കിയിരുന്നു. അലനെയും താഹനയും മാവോയിസ്റ്റുകൾ തന്നെയാണെന്നും അവർ പാർട്ടി പ്രവർത്തകർ അല്ലെന്നുംനേരത്തെ മുഖ്യമന്ത്രിയും വ്യക്താമാക്കിയിരുന്നു.
പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
UAPA കേസിൽപെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും ചര്ച്ചാവിഷയമായിരിക്കയാണ്.പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐ എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.
UAPA കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും KLF കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു.ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ NIA ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേ സമയം അതെ സമയം മാവോയിസ്റുകളെയും ഇസ്ലാമിസ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്.
പ്രത്യേകമായി ക്യാമ്പസുകൾ.സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്.എന്നാൽ യുഡിഎഫിനോ? UAPA കേസ് ഞങ്ങളിങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ UAPA നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്.മോഡി സർക്കാർ പാർലമെന്റിൽ UAPA നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല.
ഇടതുപക്ഷം മാത്രമാണ് എതിർത്തത്.ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയിൽ യുഡിഎഫ് അണികൾ ഉൾപ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോൾ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്.
അര സംഘിയാണ് ഇദ്ദേഹമെന്നു കോൺഗ്രസ്സുകാർക്ക് തന്നെ ആക്ഷേപമുണ്ട്.
അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.