ന്യൂഡല്ഹി: ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ദീപക് മിശ്ര ഔദ്യോഗികമായി വിരമിക്കുന്നത് ഒക്ടോബർ രണ്ടിന്. സുപ്രീം കോടതി കലണ്ടർ പ്രകാരം ബാക്കിയുള്ള 19 പ്രവൃത്തി ദിവസങ്ങളിൽ കോടതിയിൽ നിന്ന് പുറത്തുവരാനുള്ളത് രാജ്യത്തെ ശ്രദ്ധേയമായ വിധികളാണ്.
പ്രധാനപ്പെട്ട കേസുകളിൽ തീർപ്പ് കല്പിച്ചുകൊണ്ടാവും ജസ്റ്റിസ് ദീപക് മിശ്ര പദവിയിൽ നിന്ന് പടിയിറങ്ങുന്നത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിലെ വിധിയിലും സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റം ആക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിലും വിധിയുണ്ടാകും.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചും വിവാഹേതര ബന്ധത്തിൽ പുരുഷന് മാത്രം ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497 വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിലും വിധിയുണ്ടാകും. ക്രിമിനൽ കേസുകൾ നേരിടുന്ന എം.പിമാരേയും എം.എൽ.എമാരെയും അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും വിധി പ്രതീക്ഷിക്കുന്നു.
അയോധ്യാ കേസ്, സ്ത്രീധന പീഡനവും ആയി ബന്ധപ്പെട്ട ഹർജി, ഐ.എസ്.ആർ. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നമ്പി നാരായൺ നൽകിയ ഹർജി എന്നിവയിലും നിർണായക വിധിയുണ്ടാകും.
ജനപ്രതിനിധികൾ അഭിഭാഷകർ ആയി പ്രാക്ടീസ് ചെയ്യുന്നതിന് എതിരായ ഹർജി, ചേലാകർമം സംബന്ധിച്ച ഹർജി എന്നിവയിലും വിധി പ്രതീക്ഷിക്കുന്നു. പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമിടയിൽ പൊതു സ്വകാര്യ വസ്തുക്കൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിനും, അക്രമം നടത്തുന്നവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും ഉള്ള മാർഗരേഖ പുറത്തിറക്കൽ തുടങ്ങിയവയാണ് മറ്റ് പ്രധാന വിധികൾ.
കേരളത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് റസൽ ജോയ് നൽകിയ ഹർജിയും പ്രളയം സംബന്ധിച്ച രണ്ട് ഹർജികളും വയനാട് – മൈസൂർ രാത്രി യാത്രാ നിരോധനം സംബന്ധിച്ച ഹർജിയും ദീപക് മിശ്ര പരിഗണിക്കും.