മുത്തൂറ്റില്‍ സി.ഐ.ടി.യുവിന്‍റെ അഴിഞ്ഞാട്ടം; വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്തു | Video

സ്വകാര്യ പടമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ ഇടത് തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്‍റെ അഴിഞ്ഞാട്ടം. ജോലിക്കെത്തിയ വനിതാ ജീവനക്കാരിയെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പുറത്തിറക്കി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പോലീസിന്‍റെ മുന്നില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ വനിതാജീവനക്കാരിയെ കയ്യേറ്റം ചെയ്തത്. സീറ്റിലിരിക്കുന്ന ജീവനക്കാരിയോട് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നതും ഇറങ്ങാന്‍ കൂട്ടാക്കാത്ത സ്ത്രീയെ ക്യാബിനില്‍ കയറി വലിച്ചിഴച്ച് പുറത്തിറക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭയന്ന സ്ത്രീ നിലവിളിച്ച് കുതറുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പുറത്താക്കി ഓഫീസ് പൂട്ടുകയായിരുന്നു.

ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരക്കാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി സർക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. സമരക്കാര്‍ തങ്ങളെ തടയുകയാണ് എന്നാരോപിച്ച് മറ്റ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സമരം ചെയ്യാനുള്ള അവകാശം പോലെ ജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശത്തേയും മാനിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഇടത് തൊഴിലാളി സംഘടനാ പ്രവര്‍ത്തകർ സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയിട്ട് പോലും പോലീസ് ഇടപെടാന്‍ തയാറായിട്ടില്ല എന്നതാണ് വസ്തുത. നവോത്ഥാനമെന്നും സ്ത്രീസുരക്ഷയെന്നും മുറവിളി കൂട്ടുന്ന സര്‍ക്കാരിന്‍റെ കാപട്യം വ്യക്തമാക്കുന്നതാണ് സംഭവം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യം:

citumuthoot
Comments (0)
Add Comment