മുത്തൂറ്റ് സമരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അപഹാസ്യരായി സിപിഎമ്മും സിഐടിയുവും

Jaihind News Bureau
Saturday, October 12, 2019

ജീവനക്കാരെ ആശങ്കയിലാഴ്ത്തി സിഐടിയുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ മുത്തൂറ്റ് സമരം കാര്യമായ നേട്ടങ്ങളൊന്നും ഇല്ലാതെ അവസാനിപ്പിച്ചു. സിഐടിയുവിന്‍റെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടെ നിരവധി നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. 17 ഇന ആവശ്യങ്ങൾ മാനേജ്‌‍മെന്‍റിന് എഴുതി നൽകിയാണ് മുത്തൂറ്റില്‍ സിഐടിയു അനിശ്ച്ചിതകാല നിരാഹാര സമരത്തിനിറങ്ങിയത്. ഒടുവില്‍ ജീവനക്കാര്‍ക്കായി കാര്യമായൊന്നും നേടാതെ 500 രൂപയുടെ നാമമാത്രമായ ശമ്പള വർദ്ധന മാത്രം ലഭിച്ച് സമരം നിർത്തേണ്ടിവന്ന അവസ്ഥയിലാണ് സിഐടിയു.

18000 രൂപ വേതന വർദ്ധനവും മറ്റ് ആവശ്യങ്ങളുമായി സമരത്തിനിറങ്ങിയ സിഐടിയു നേതൃത്വം ഒടുവിൽ എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. പല ഓഫീസുകളിലും സ്ത്രീ തൊഴിലാളികളെ സിഐടിയുക്കാര്‍ ആക്രമിക്കുന്നതും, സ്ത്രീകളുടെ ചെറുത്തുനില്‍പ്പും സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. സിഐടിയു അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് പാലാ അടക്കമുള്ള തെരഞ്ഞെടുപ്പ് വേദികളിലും ചര്‍ച്ചയായി. 5 ഉപതെരഞ്ഞെടുപ്പുകളെ നേരിടുന്ന സിപിഎം എങ്ങിനെയെങ്കിലും ഈ സമരത്തെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതോടെയാണ് ആരംഭിച്ചത്.

17 ഇന ആവശ്യങ്ങൾ മാനേജ്‌‍മെന്‍റിന് എഴുതി നൽകിയാണ് മുത്തൂറ്റില്‍ സിഐടിയു അനിശ്ച്ചിതകാല നിരാഹാര സമരത്തിനിറങ്ങിയത്. അതിലെ ഒന്നാമത്തെ ആവശ്യമായിരുന്നു “ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കുക” എന്നത്. അതിനായി ഒന്നര മാസത്തെ ശമ്പളം കളഞ്ഞായിരുന്നു സമരം. സമരം വിജയമെന്ന് പ്രഖ്യാപിച്ച് ഇടത് നേതാക്കള്‍ സമരം അവസാനിപ്പിക്കുമ്പോള്‍ നേടാനായത് പ്രതിമാസം കേവലം 500 രൂപയുടെ വർദ്ധനവ് മാത്രമാണ് അതായത് ദിവസം ഏതാണ്ട് “16 രൂപ”യുടെ വമ്പൻ വർദ്ധനവ്. അവകാശ പത്രികയിൽ പറയുന്ന ബാക്കി 16 ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നിൽപ്പോലും ആലോചനപോലും നടന്നിട്ടില്ലെന്നതും ഇടത് നേതാക്കള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

ഒരാവേശത്തിന് തുടങ്ങിയ സമരം എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചുകിട്ടിയാൽ മതി എന്ന ചിന്തയിലേയ്ക്ക് എത്തിയ മുത്തൂറ്റിലെ ഇടതുസംഘടനകള്‍ക്കും അവരെ ഇതിന് പ്രേരിപ്പിച്ച സിഐടിയു നേതാക്കള്‍ക്കും.

ട്രോളുകളും പരിഹാസ കമന്‍റുകളുമായി സമരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അപഹാസ്യരായ നേതാക്കൾക്ക് സമരച്ചൂടും കുറഞ്ഞു. എങ്ങനെയും സമരം അവസാനിപ്പിക്കാൻ എല്ലാ വിട്ടുവീഴ്ചയ്ക്കും തയ്യാറായി കരാറുറപ്പിച്ച് നേതാക്കളും തടതപ്പി. ഒടുവിൽ കാര്യമായ മാറ്റങ്ങളൊന്നും നടപ്പാക്കാനാകാതെ പതിവുപോലെ സിഐടിയു വിജയം പ്രഖ്യാപനത്തിൽ മാത്രമൊതുക്കി സമരം അവസാനിപ്പിച്ചു.