കെസിടി ബസുകള്‍ ‘സൈഡൊതുക്കാന്‍’ നീക്കം; സിപിഎമ്മിനെതിരെ പ്രതിഷേധവുമായി സിഐടിയു

Jaihind Webdesk
Sunday, June 27, 2021

ആലപ്പുഴ : സിപിഎം നിയന്ത്രണത്തിലുള്ള ബസ് സര്‍വീസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സിഐടിയു. കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് പിന്നാലെ മൂന്ന് ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള നീക്കം പുറത്തായതോടെയാണ് ഇടതു തൊഴിലാളി സംഘടന തന്നെ സിപിഎമ്മിനെതിരെ സമരവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്‌പോര്‍ട്ടിലാണ് (കെസിടി) സി.ഐ.ടി.യുവിന്‍റെ സമരം.

സിപിഎമ്മിന്‍റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്‌പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. 2020 മാര്‍ച്ച് മുതല്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. ലോക്ക്ഡൗണ്‍ മാറിയതോടെ കുറച്ച് ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ആളുകളെയാണ് ഇവിടെ തൊഴിലാളികളായി നിയമിച്ചിരുന്നത്. 20 ലൈന്‍ ബസുകളും എട്ട് ടൂറിസ്റ്റ് ബസുകളുമാണ് കായംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെസിടിക്കുള്ളത്. കൊവിഡ് കാലത്ത് കുറച്ചുനാള്‍ അടച്ചിട്ടിരുന്നതിന് പിന്നാലെ മൂന്ന് ബസുകള്‍ പൊളിച്ചുവില്‍ക്കാന്‍ തീരുമാനിച്ചു. സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോ തൊഴിലാളികളോ അറിയാതെയാണ് മൂന്ന് ബസുകള്‍ പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. വിവരം പുറത്തായതിന് പിന്നാലെ കെസിടിയുടെ ഹരിപ്പാടുള്ള ഓഫീസിന്‍റെ മുന്നില്‍ സിഐടിയു പ്രതിഷേധവുമായി എത്തി.

സ്ഥാപനം അടച്ചുപൂട്ടുന്നതിന്‍റെ ആദ്യപടിയാകാം ബസുകള്‍ പൊളിച്ചുവില്‍ക്കാനുള്ള നീക്കമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഏകപക്ഷീയമായ തീരുമാനം സ്ഥാപനത്തിലെ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്നും തങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും സമരക്കാര്‍ പറയുന്നു. രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.