പൗരത്വ പ്രതിഷേധം : മലയാളികള്‍ക്ക് മംഗളുരു പൊലീസിന്‍റെ നോട്ടീസ് ; നേരിട്ട് ഹാജരാകാന്‍ നിർദേശം

Jaihind News Bureau
Sunday, January 19, 2020

മംഗളുരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 19 ന് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് മംഗളുരു പൊലീസിന്‍റെ നോട്ടീസ്. പ്രതിഷേധം നടന്ന ദിവസം നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ നേരിട്ട് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

പ്രതിഷേധം നടന്ന ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അ‍ഡ്രസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 19ന് നടത്തിയ പ്രതിഷേധത്തില്‍ മംഗളുരു പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു വെടിവെപ്പുണ്ടായത്. കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കാന്‍ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. ചിതറി ഓടിയ പ്രതിഷേധക്കാരെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിച്ചു. പകല്‍ മുഴുവന്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ വൈകുന്നേരം നാലരയോടെയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അന്നേദിവസം മംഗളുരുവില്‍ ഉണ്ടായിരുന്ന മലയാളികള്‍ക്കാണ് ഇപ്പോള്‍ ഹാജരാകണമെന്ന് കാട്ടി പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.