‘രാഹുല്‍ ജനിച്ചുവളര്‍ന്നത് ഇവിടെയാണെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാം’ ; പൗരത്വ വിഷയത്തിൽ പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Tuesday, April 30, 2019

Rahul Gandhi and Priyanka Gandhi

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദങ്ങളില്‍ കഴമ്പില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.  രാഹുല്‍ ഗാന്ധി ഇവിടെയാണ് ജനിച്ചതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാവുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രിയങ്ക വ്യക്തമാക്കി. വിദേശ പൗരത്വ വിഷയത്തിൽ നോട്ടീസ് അയച്ച കേന്ദ്രസർക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് രാഹുൽ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

‘രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. അദ്ദേഹം ജനിച്ചതും വളര്‍ന്നതും നേതാവായി ഉയര്‍ന്നതുമെല്ലാം രാജ്യത്തെ ജനങ്ങളുടെ കണ്‍മുന്നിലാണ്. ഇത് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. ഇക്കാര്യത്തിലെ വിവാദങ്ങള്‍ എന്ത് അസംബന്ധമാണ്? – പ്രിയങ്കാ ഗാന്ധി ചോദിച്ചു. അമേത്തിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

അമേത്തിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ രാഹുല്‍ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥി പൗരത്വ ആരോപണം ഉന്നയിച്ചെങ്കിലും തെരഞ്ഞടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും വളര്‍ച്ചയില്‍ വിറളി പൂണ്ട ബി.ജെ.പി രാഷ്ട്രീയ പകപോക്കലിനായി എന്ത് തന്ത്രവും സ്വീകരിക്കുന്നതിന്‍റെ ഭാഗമാണ് നിലവില്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങളെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്.