പൗരത്വ ബിൽ പ്രതിഷേധം : പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Jaihind News Bureau
Thursday, December 12, 2019

അസം : പൗരത്വ ബില്ലില്‍ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഒരാള്‍ മരിച്ചത്. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായും ഗുവാഹത്തി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

വിവാദമായ പൗരത്വ ഭേദഗതി ബിൽ ബുധനാഴ്ച രാജ്യസഭ പാസാക്കിയതിന് പിന്നാലെയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്കും അക്രമാസക്തമായ പ്രതിഷേധം വ്യാപിച്ചത്. ഷില്ലോംഗില്‍ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്‍റർനെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഗുവാഹത്തിയിൽ ആയിരക്കണക്കിന് ആളുകളാണ് കർഫ്യൂ ലംഘിച്ച് തെരുവിലിറങ്ങിയത്. ഗുവാഹത്തിയിലെ ലാലുംഗ് ഗാവോണില്‍ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.

വിവാദ ബില്ലില്‍ രാജ്യമെങ്ങും പ്രക്ഷോഭം ശക്തമാകുകയാണ്. അതിശക്തമായ പ്രക്ഷോഭത്തിനാണ് അസമും ത്രിപുരയും സാക്ഷ്യം വഹിക്കുന്നത്. ത്രിപുരയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ പത്ത് ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ വിഛേദിച്ചിരിക്കുകയാണ്.

പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പിനിടെ ഇന്നലെയാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്. 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105 പേർ എതിർപ്പ് രേഖപ്പെടുത്തി. ബിൽ പാസായത് രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് മേൽ സങ്കുചിത ചിന്താഗതിക്കാരുടെയും വർഗീയ ശക്തികളുടെയും വിജയമാണെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചുനീക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും തന്ത്രമാണ് ബില്ലിലൂടെ നടപ്പിലാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.