കനത്ത പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ

Jaihind News Bureau
Thursday, December 12, 2019

കനത്ത പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇന്നലെ രാത്രി വൈകിയാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം കത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് പൗരത്വ ഭേദഗതി ബിൽ ബുധനാഴ്ച രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബിൽ നിയമമായി മാറി. 105-നെതിരെ 125-വോട്ടുകൾക്കായിരുന്നു പ്രസ്തുത ബിൽ രാജ്യസഭ പാസാക്കിയത്.

ഇതു പ്രകാരം ഇന്ത്യയുടെ അയൽ സംസ്ഥാനങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം തേടിയ ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.  ഇവയിൽ ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി എന്നീ മതവിഭാഗങ്ങൾ ഉൾപ്പെടുന്നു. അതേസമയം,  ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയിട്ടുണ്ട്.

മേഘാലയയിൽ പ്രതിഷേധത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കനത്ത പ്രതിഷേധം ആളിക്കത്തുന്ന അസമിൽ മൂന്ന് പേർ പൊലീസ് വെടിവയ്പ്പിൽ മരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത 10 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഇവിടെ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. അതേസമയം ബിൽ നിയമമായി മാറിയതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യതയേറി.