സിഐ സുധീറിനെ സർവീസില്‍ നിന്ന് പുറത്താക്കണം; നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ്

Jaihind Webdesk
Sunday, November 28, 2021

കൊച്ചി : ആലുവയിലെ നിയമ വിദ്യാർത്ഥിനി  മൊഫിയയുടെ മരണത്തില്‍ കുറ്റക്കാരനായ സിഐ സിഎല്‍ സുധീറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. മരണവുമായി ബന്ധപ്പെട്ട് സിഐ സുധീറിനെതിരായ എഫ്ഐആർ പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വവും ജനപ്രതിനിധികളും പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. സിഐയെ സർവീസിൽ നിന്നും പുറത്താക്കണമെന്നും നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ആവശ്യപ്പെട്ടു.

മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യ കേസിൽ ആലുവ സിഐ ആയിരുന്ന സിഎൽ സുധീറിനെതിരെ എഫ്‌ഐആര്‍ പുറത്തുവന്നിരുന്നു. മൊഫിയയെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്‍റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് 12 നും വൈകുന്നേരം ആറു മണിയ്ക്കും ഇടയ്ക്കുള്ള സമയത്താണ് മൊഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് സിഐക്കെതിരെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മൊഫിയ ഭര്‍ത്താവ് സുഹൈലിന്‍റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്തു സംസാരിച്ചു. ഇത് മനോവിഷമത്തിന് ഇടയാക്കിയെന്നും നീതി കിട്ടില്ലെന്ന തോന്നല്‍ ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നു. സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സുധീറിന്‍റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റൻ്റ് കമ്മീഷണര്‍ വി രാജീവിനാണ് അന്വേഷണച്ചുമതല.