തെരഞ്ഞെടുപ്പിന് ശേഷം ‘കാവല്‍ക്കാരന്‍’ ജയിലില്‍ പോകും: രാഹുല്‍ ഗാന്ധി

അഴിമതിയും, തൊഴിലില്ലായ്മയും, കര്‍ഷക ദുരിതവും നിറഞ്ഞതാണ് എന്‍.ഡി.എ ഭരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോദി ജയിലിലായിരിക്കും. നാഗ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ഗാന്ധി.

‘ഓരോ റഫേല്‍ ജെറ്റുകള്‍ക്കും 550 കോടി രൂപ വീതം നല്‍കി. 1,600 കോടി രൂപയ്ക്കാണ് റഫേല്‍ വിമാനങ്ങള്‍ വാങ്ങിയത്. മോദി ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ട് നടത്തിയ ഇടപാട് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വരെ അറിയാതെ ആയിരുന്നു. ഇക്കാര്യം നേരത്തെ പരീക്കര്‍ പറയുകയും രേഖകളില്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇടപാടില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പരീക്കറിന് അറിയാമായിരുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘കോടിക്കണക്കിന് രൂപയും കൊണ്ടാണ് വ്യവസായികള്‍ രാജ്യം വിട്ടത്. അവരെ ഇപ്പോഴും ‘ഭായ്’ എന്നാണ് മോദി വിളിക്കുന്നത്. എന്നെ പ്രധാനമന്ത്രി ആക്കാതെ കാവല്‍ക്കാരന്‍ ആക്കൂ എന്നാണ് മോദി പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഒരു അന്വേഷണം ഉണ്ടാകും, കാവല്‍ക്കാരന്‍ ജയിലിലും പോകും,’ രാഹുല്‍ പറഞ്ഞു.

’20 കോടി ദരിദ്ര കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ വീതം നല്‍കുക എന്നത് എന്റെ സ്വപ്ന പദ്ധതിയാണ്. മഹാഭാരതത്തില്‍ അര്‍ജുനന്‍ മീനിലേക്ക് ലക്ഷ്യം വച്ച് നോക്കിയത് പോലെയാണ് ഞാന്‍ ഇതിനെ നോക്കുന്നത്. 15 ലക്ഷം അക്കൗണ്ടില്‍ ഇടുമെന്ന് പറയും പോലെയുളള കള്ളങ്ങള്‍ ഞാന്‍ പറയില്ല. കാരണം, ഒരു കള്ളത്തിന് രണ്ടോ മൂന്നോ മാസം മാത്രമേ ആയുസ്സുളളൂ. നിങ്ങളോടൊപ്പം 20 വര്‍ഷത്തോളം സേവനം നടത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ രാഹുല്‍ പറഞ്ഞു.

AICCelection 2019rahul gandhicongress
Comments (0)
Add Comment