മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ചിത്തരഞ്ജന്‍ എംഎല്‍എയെ ഒഴിവാക്കി; ആലപ്പുഴ സിപിഎമ്മില്‍ പുതിയ വിവാദം

 

ആലപ്പുഴ : മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ സ്ഥലം എംഎൽഎയെ ഒഴിവാക്കി സിപിഎം ലോക്കൽ കമ്മിറ്റി. ആലപ്പുഴ കൊമ്മാടി ലോക്കൽ കമ്മിറ്റി വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും സംഘടിപ്പിക്കുന്ന പരിപാടിയിൽനിന്നാണ് പി.പി ചിത്തരഞ്ജൻ എംഎൽഎയെ ഒഴിവാക്കിയത്.

വിവാദമായതോടെ എംഎൽഎയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി തലയൂരാൻ ശ്രമം തുടങ്ങി. ഇന്നു വൈകിട്ട് 4.30ന് കൊമ്മാടി യുവജന വായനശാലയിലാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി. ചിത്തരഞ്ജനെ ഒഴിവാക്കിയ സംഭവം ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ പാർട്ടി നേതൃത്വത്തിന്‍റെ ശ്രദ്ധയിലെത്തിച്ചു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ കമ്മിറ്റി ലോക്കൽ കമ്മിറ്റിയോട് നിർദേശിച്ചു.

എംഎൽഎക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ലോക്കൽ സെക്രട്ടറി കെ.ജെ പ്രവീൺ നല്‍കുന്ന വിശദീകരണം. ലോക്കൽ സെക്രട്ടറി എംഎൽഎയെ ബന്ധപ്പെട്ടെങ്കിലും മുമ്പ് ഏറ്റിരുന്ന ചില പരിപാടികൾ ഇതേസമയം ഉള്ളതിനാൽ മുൻകൂട്ടി അറിയിക്കാത്ത പരിപാടിയിൽ പങ്കെടുക്കാനാകുമോയെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം. എങ്കിലും എംഎൽഎയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി ലോക്കൽ കമ്മിറ്റി സമൂഹമാധ്യമ പോസ്റ്ററുകൾ തയാറാക്കിയിട്ടുണ്ട്. അതേസമയം പരിപാടിക്ക് നേരത്തേ ക്ഷണിച്ചുവെന്ന ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം എംഎൽഎയുമായി അടുത്ത കേന്ദ്രങ്ങൾ നിഷേധിച്ചിട്ടുണ്ട്.

Comments (0)
Add Comment