കരോള്‍ സംഘത്തെ DYFI പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം: പ്രതിഷേധവുമായി ക്രൈസ്തവസഭവകള്‍

Jaihind Webdesk
Saturday, December 29, 2018

കോട്ടയം പാത്താമുട്ടം കൂമ്പാടി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. കരോൾ സംഘത്തിൽ കടന്നുകയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നാൽ പാർട്ടി സ്വാധീനം മുൻനിർത്തി ഇവർക്കെതിരെ പോലീസ് നിസാര വകുപ്പുകൾ മാത്രം ചുമത്തി ജാമ്യത്തിൽ വിട്ടു. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. 354-ാം വകുപ്പ് പ്രകാരം കേസെടുത്ത പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടി എന്നും അദ്ദേഹം ചോദിച്ചു.

ആംഗ്ലിക്കൻ സഭ മെത്രാപ്പോലീത്ത ഡോക്ടർ സ്റ്റീഫൻ വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ ബേബി ജോസഫ് ഐക്കര, വത്സൻ വട്ടപ്പാറ, ഡോക്ടർ പത്രോസ് കൊച്ചുപറമ്പിൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.