ഒന്നേ മുക്കാല്‍ വർഷമായി ചിന്തയുടെ താമസം സ്റ്റാർ റിസോർട്ടില്‍, വാടക 38 ലക്ഷം; ഇഡിക്കും വിജിലന്‍സിനും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

 

കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ നക്ഷത്ര റിസോർട്ട്‌ വാസത്തിന്‍റെ സ്രോതസ് അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇഡിക്കും വിജിലൻസിനും പരാതി നൽകി. പ്രതിദിനം 6,490 രൂപ വാടക ഉള്ള കൊല്ലം തങ്കശേരിയിലെ കടലിന് അഭിമുഖമായുള്ള നക്ഷത്ര റിസോർട്ടിലാണ്ചിന്താ ജെറോം കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായി താമസിക്കുന്നത്.

കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായി യുവജന കമ്മീഷൻ അധ്യക്ഷ താമസിക്കുന്ന പ്രതിദിനം ഉയർന്ന വാടക ഉള്ള കൊല്ലം തങ്കശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിന് കൃത്യമായി വാടക നൽകിയാൽ 38 ലക്ഷത്തിലധികം രൂപ നൽകേണ്ടതുണ്ട്. ഈ തുക എവിടെ നിന്ന് ചിന്താ ജെറോം കണ്ടെത്തി നൽകിയതെന്ന് അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം പരാതി നൽകിയത്. തീര പരിപാലന നിയമ ലംഘനം ഉൾപ്പെടെ ഒട്ടനവധി വിവാദങ്ങൾ ഉള്ള ഇവിടെ പണം നൽകാതെയാണ് അർത്ഥ ജുഡിഷ്യൽ അധികാരമുള്ള ചിന്ത താമസിക്കുന്നതെങ്കിൽ അക്കാര്യം അന്വേഷണ വിധേയമാക്കണം എന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യം.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും വിജിലൻസിനുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ശമ്പള കുടിശിക വിവാദത്തിനും പ്രബന്ധ വിവാദത്തിനും പിന്നാലെയാണ് ചിന്തക്കെതിരെ റിസോർട്ട് വാസ വിവാദവും ഉയർന്നിരിക്കുന്നത്.

Comments (0)
Add Comment