കോണ്‍ഗ്രസിന്‍റെ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്; ജിതിൻ പ്രസാദ ഉൾപ്പെടെ 80 ഓളം കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരും വീട്ടുതടങ്കലിൽ

Jaihind News Bureau
Monday, September 30, 2019

ഷാജഹാൻപൂർ പീഡനക്കേസിലെ പരാതിക്കാരിയെ ജയിലിൽ അടച്ചതിനെതിരെ പെൺകുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നടത്താനിരുന്ന ന്യായ് യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. മുൻ കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ ഉൾപ്പെടെ 80 ഓളം കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കി. നീതിക്കായി ശബ്ദമുയത്തുന്നവരെ അടിച്ചമർത്തുകയാണ് യുപി സർക്കാർ എന്ന് പ്രിയങ്ക ഗാന്ധി ട്വിറ്റ് ചെയ്തു.

ഷാജഹാൻ പൂർ കേസിൽ ഇരയെ ജയിലിൽ അടച്ച യുപി സർക്കാരിന്‍റെ നടപടിക്കെതിരെ കോൺഗ്രസ് നടത്താൻ ഇരുന്ന ന്യായ് യാത്രയ്ക്ക് യുപി പോലീസ് അനുമതി നിഷേധിച്ചു. ഷാജഹാൻ പൂർ മുതൽ ലക്നൗ വരെ 5 ദിവസം നീണ്ട് നിൽക്കുന്ന പദയാത്ര ആയിരുന്നു കോൺഗ്രസ് നടത്താൻ തീരുമാനിച്ചത്. രാവിലെ 8 മണിക്ക് ആരംഭിക്കാൻ ഇരുന്ന യാത്രയ്ക്ക് മുന്നോടി ആയി പോലീസ് അനുമതി നിഷേധിക്കുകയും മുൻ കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ, കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ് കുശാൽ മിശ്ര എന്നിവരെ വീട്ടു തടങ്കലിൽ ആക്കി. 80 ഓളം വരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരിൽ താൻ ഉൾപ്പെടെ ഉള്ളവരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയെന്ന് ജിതിൻ പ്രസാദ ട്വിറ്ററിൽ കുറിച്ചു.

നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ തടയുകയാണ് യുപി സർക്കാർ എന്ന് പ്രിയങ്കഗാന്ധി ആരോപിച്ചു. പ്രതിഷേധ പരിപാടിക്ക് ഒരുങ്ങിയ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്തിലൂടെ എന്തിനെയാണ് യുപി സർക്കാർ ഭയപ്പെടുന്നത് എന്നും പ്രിയങ്കഗാന്ധി കൂട്ടിച്ചേർത്തു.