ഇന്ന് ചിങ്ങം ഒന്ന്; പുതുവർഷത്തെ വരവേറ്റ് മലയാളികള്‍

Jaihind Webdesk
Wednesday, August 17, 2022

ഇന്ന് ചിങ്ങം ഒന്ന്. മലയാളിയുടെ പുതുവ‍ര്‍ഷ പിറവി. പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് കേരളക്കര.

ആകുലതകളുടെ കരിമേഘം മൂടി നിൽക്കുമ്പോഴും പ്രതീക്ഷകളുടെ പോക്കുവെയിൽ തുണ്ടുകൾ വീണു കിടക്കുന്ന ഇടവഴിയിൽ പൊന്നിൻ ചിങ്ങം വിരുന്നു വിളിക്കുകയാണ്. കർക്കിടകം പെയ്തു തോർന്നിരിക്കുന്നു. ശുഭാപ്തി വിശ്വാസത്തിന്‍റെ പതാക വാഹകരായ മലയാളികൾ നല്ലൊരു നാളെയിലേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്. പൂവിളികൾ ഉയരുമ്പോൾ മനം തുടി കൊട്ടി പാടും. മാവേലി നാടിന്‍റെ നന്മ നിറഞ്ഞ നാളുകളെ കുറിച്ച്.

ചിങ്ങം 1 കേരളക്കരയ്ക്ക് കര്‍ഷകദിനം കൂടിയാണ്. മണ്ണറിഞ്ഞ് ജീവിക്കുന്ന ഒരോ മലയാളിയിലും സന്തോഷം കൊണ്ടുവരുന്ന കാലം. ഓണ പുലരികളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. ഒരുമയുടെ ഓട്ടുരുളിയിൽ കൂട്ടായ്മയുടെ വിഭവങ്ങൾ ഒരുക്കി നമുക്ക് നല്ല അയൽക്കാരാകാം. കൈകൾ കോർത്തുപിടിച്ച് നാടിനെ ചേർത്തു നിർത്തി ഐശ്വര്യത്തിന്‍റെ പൂക്കളങ്ങൾ ഒരുക്കാം. അങ്ങനെ നന്മ നിറഞ്ഞ മനുഷ്യനാകാം. നല്ലൊരു മലയാളിയാകാം…