ചൈനീസ് നിരീക്ഷണം രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയം ; സഭയില്‍ ഉന്നയിച്ച് കെ.സി വേണുഗോപാല്‍

 

ന്യൂഡല്‍ഹി : ഇന്ത്യൻ ഭരണകർത്താക്കളെയും രാഷ്ട്രീയനേതാക്കളെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്‍റിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ എം.പി. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയം  ഗൗരവകരമാണെന്നും  സ്വീകരിക്കേണ്ട നടപടികള്‍ എന്തെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങി പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് അതീവ ഗുരുതരമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രം മറുപടി പറയാൻ തയാറാകുന്നില്ലെന്ന് കെ.സി വേണുഗോപാൽ രാജ്യസഭയില്‍ ആരോപിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി രാജ്യത്തെ ഉന്നതരെ നിരീക്ഷിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷെന്‍സെന്‍ ഡാറ്റ ടെക്നോളജിയാണ് നിരീക്ഷണങ്ങള്‍ നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാൽ ഫോൺ ചോർത്തൽ,ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോർട്ടിലില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായാണ് വിവരം. വിഷയം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് പാർലമെന്‍ററി കാര്യ മന്ത്രിക്ക് രാജ്യസഭാ അധ്യക്ഷൻ എം വെങ്കയ്യ നായിഡു നിർദേശം നൽകി.

Comments (0)
Add Comment