‘ചൈന ആധുനിക കാലത്തെ പിശാച്, അവർ നമ്മുടെ മണ്ണ് കയ്യേറി എന്നത് വസ്തുതയാണ്; പ്രധാനമന്ത്രി വിശദീകരിക്കണം’ : വിമർശനവുമായി അധിർ രഞ്ജന്‍ ചൗധരി

Jaihind News Bureau
Saturday, July 4, 2020

 

ന്യൂഡല്‍ഹി : ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തില്‍ കേന്ദ്ര സർക്കാരിന് വിമർശനവുമായി കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജന്‍ ചൗധരി. ഇന്ത്യൻ പ്രദേശത്ത് ചൈന കൈയേറ്റം നടന്നിട്ടുണ്ടെന്നത് വസ്തുതയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനയെ ആധുനിക കാലത്തെ പിശാച് എന്നാണ് അധിർ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചത്. ചൈനീസ് കടന്നുകയറ്റം ഉണ്ടായെന്നത് അംഗീകരിക്കാന്‍ പ്രധാനമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

“ചൈനക്കാർ ആധുനിക യുഗത്തിലെ പിശാചുക്കളാണ്. തന്ത്രപരമായി വളരെയധികം പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്ന് അവരെ പൂർണമായും ഒഴിപ്പിക്കണം. അതുവരെ രാജ്യത്തിന് വിശ്രമിക്കാനാവില്ല” – അധിർ രഞ്ജന്‍ ചൗധരി ട്വീറ്റ് ചെയ്തു.

അതിർത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയെന്ന് ലഡാക്ക് ജനത ഒന്നടങ്കം പറയുമ്പോഴും ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ചൗധരി രംഗത്തെത്തിയത്.