തനിനിറം കാട്ടി ചൈന; പാക് അനുകൂല ഭീകരവാദത്തിന് താങ്ങായി വീണ്ടും ചൈന; അസ്ഹര്‍ മസൂദ് ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞു

Jaihind Webdesk
Thursday, March 14, 2019

UN-Masood-Azhar

ജയ്‌ഷെ മുഹമ്മദ് സ്ഥാപകനും നേതാവുമായ മസൂദ് അസറിനെതിരായ നീക്കം ചൈന തടഞ്ഞു. യുഎൻ രക്ഷാസമിതിയിൽ അസറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയാണ് ചൈന വിറ്റോ ചെയ്തത്. ഇത് നാലാം തവണയാണ് യുഎൻ സുരക്ഷാ സമിതിയിൽ ചൈന വിയോജിപ്പ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ വിദേശകാര്യ നയങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ചൈനയുടെ നടപടി വിലയിരുത്തപ്പെടുന്നത്.

പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയമാണ് ചൈന വീണ്ടും തടഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ‘സാങ്കേതിക’ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു ചൈന തടസ്സം നിന്നത്. ഇത് നാലാം തവണയാണ് ചൈനയുടെ എതിര്‍പ്പ് മൂലം ഇതേ പ്രമേയം തള്ളുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവായ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഇത്തവണ കൊണ്ടുവന്നത് ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ്. അല്‍ഖായിദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ മൂന്നു തവണ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. പ്രമേയത്തിനെതിരെ നിലകൊണ്ട ചൈനയുടെ നടപടി നിരാശാജനകമാണെന്നും സാധ്യമായ സമ്മര്‍ദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ പ്രതികരിച്ചു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടുമാത്രമേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള ഭീകരപട്ടികയില്‍ പെടുത്താന്‍ പാകിസ്ഥാന് താല്‍പര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു.