ആധുനിക ഇന്ത്യയുടെ ശില്പി ജവഹർലാൽ നെഹ്‌റുവിന്‍റെ സ്മരണയില്‍ രാജ്യം

ഇന്ന് ശിശുദിനം. കുട്ടികൾ സ്‌നേഹത്തോടെ ചാച്ചാജി എന്ന് വിളിച്ചിരുന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 129-ാം ജന്മദിനമാണിന്ന്. രാഷ്ട്രം ആധുനിക ഇന്ത്യയുടെ ശില്പിയുടെ സ്മരണയിൽ.

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു ജവഹർ ലാൽ നെഹ്റു. തൂവെള്ള കുപ്പായത്തിന്റെ പോക്കറ്റിൽ ചുവന്ന റോസാപ്പൂ ചൂടി നിഷ്‌കളങ്കമായ ചിരിയോടെത്തുന്ന നെഹ്‌റു അവർക്ക് ചാച്ചാജി ആയിരുന്നു. എന്നാൽ ദീർഘവീക്ഷണത്തോടെയുളള വികസന ചിന്തകളുള്ള മികച്ച ഭരണാധികാരിയും രാഷ്ട്രത്തിന് അതിന്റെ ശിൽപിയായിരുന്നു ജവഹർലാൽ നെഹ്‌റു. സ്വാതന്ത്ര്യാനന്തര ഭാരതത്തെ പിച്ചവയ്പ്പിക്കാൻ അടിസ്ഥാന തലത്തിലും നയതന്ത്ര മേഖലകളിലും നെഹ്‌റു തീരുമാനങ്ങൾ നടപ്പിലാക്കിയ തീരുമാനങ്ങൾ മികച്ചതായിരുന്നു. ശീത സമരം കൊടുമ്പിരി കൊണ്ട കാലത്ത് സ്വീകരിച്ച ചേരി ചേരാ നയം നെഹ്റുവിനെ ലോകനേതാക്കളിൽ ശ്രദ്ധേയനാക്കി. വളർച്ചയുടെ പാതയിലായിരുന്ന ഭാരതത്തെ കൈപിടിച്ചുയർത്താൻ രാജ്യത്തുടനീളം വികസനത്തിനുതകുന്ന അണക്കെട്ടുകളുടെ നിർമ്മാണവും കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത ദീർഘ വീക്ഷണശാലിയായ നേതാവ് കൂടിയായിരുന്നു കുട്ടികളുടെ പ്രിയ ചാച്ചാജി.

വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങൾ നെഹ്രുവിന്റെ കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ നൽകാൻ ചാച്ചാജി ശ്രമിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു. അയൽരാജ്യമായ ചൈനയോട് പഞ്ചശീല തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാൻ കാണിച്ച ആർജ്ജവത്വം തന്നെ നെഹ്റു എന്ന നയതന്ത്രഞജന്റെ മികവ് വെളിപ്പെടുത്തുന്നതായിരുന്നു. രാജ്യം ഭാരതരത്നം നൽകി ആദരിച്ച നെഹ്റു കോൺഗ്രസ് പാർട്ടിയുടെ വിവിധ നേതൃതലങ്ങളും രാജ്യത്തിന്റെ ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കുട്ടികളെ ജീവനു തുല്യം സ്‌നേഹിച്ച ജവഹർലാൽ നെഹ്‌റു എന്ന മഹാമനുഷ്യന്റെ ജന്മദിനത്തിൽ സേവനത്തിന്റെ കൈകളുമായി നമ്മുടെ കുട്ടികൾ ഭാരതത്തിന്റെ അഭിമാനികളായി വളരട്ടെ എന്ന് പ്രത്യാശിക്കാം.

https://www.youtube.com/watch?v=zVkmZUvf_w4

Jawaharlal NehruChildren's Day
Comments (0)
Add Comment