കാസർഗോഡ്: നായ ശല്യം രൂക്ഷമായതിനെ തുടർന്ന് കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാനായി തോക്കുമായി കൂട്ടുപോയ രക്ഷിതാവിനെതിരെ കേസ്. മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കുമായി പോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഹദ്ദാഡ് നഗർ സ്വദേശി സമീറിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഐപിസി 153 പ്രകാരം ലഹളയുണ്ടാക്കാനുള്ള നീക്കത്തിനാണ് കേസെടുത്തിരിക്കുന്നത്. തോക്കേന്തി പതിനഞ്ചോളം കുട്ടികൾക്ക് മുന്നിൽ നടക്കുന്ന സമീർ പട്ടി കടിക്കാന്‍ വന്നാല്‍ വെടിവെച്ച് കൊല്ലുമെന്ന് പറയുന്നതും വീഡിയോയിലുണ്ടായിരുന്നു. ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു, സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങൾക്കാണ് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തത്.
മറ്റ് വിദ്യാർത്ഥികളുമൊന്നിച്ചാണ് സമീറിന്‍റെ മകള്‍ മദ്രസ പഠിനത്തിനായി പോകുന്നത്. പതിനഞ്ചോളം കുട്ടികൾ ഒരുമിച്ചാണു യാത്ര. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ കുട്ടികള്‍ ഭീതിയിലായി. ഇതോടെയാണ് കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാനായി എയർ ഗണ്ണുമായി സമീര്‍ മുന്നില്‍ നടന്ന് സുരക്ഷയൊരുക്കിയത്. മറ്റ് മാർഗമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും സമീർ വ്യക്തമാക്കിയിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.