‘യോഗ്യതാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി നടത്തിയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ നിയമനം റദ്ദാക്കണം’ : മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind News Bureau
Wednesday, June 24, 2020

യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് അർഹതയില്ലാത്ത വ്യക്തിയെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍  വി.എം സുധീരന്‍. വഴിവിട്ട നിയമനത്തിനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു.

കുട്ടികളുടെ അവകാശസംരക്ഷണത്തിനും ക്ഷേമത്തിനുംവേണ്ടി പ്രവര്‍ത്തിക്കേണ്ട സുപ്രധാന പദവിയെ രാഷ്ട്രീയവത്ക്കരിച്ച് അതിന്‍റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയ സർക്കാർ നടപടി ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനംകൂടിയാണെന്ന് വി.എം സുധീരന്‍ ചൂണ്ടിക്കാട്ടി.  ജില്ലാജഡ്ജ് പദവിയിലിക്കുന്നവരെ വരെ മറികടന്നാണ് തികച്ചും പക്ഷപാതപരമായ ഈ തീരുമാനം.

ഭരണഘടനയും നിയമവും അനുശാസിക്കുംവിധം ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാജനങ്ങള്‍ക്കും നീതിനടപ്പാക്കുമെന്ന സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണിത്. അതുകൊണ്ട് ഇനിയെങ്കിലും സർക്കാർ തെറ്റ് തിരുത്തി നിയമനം റദ്ദാക്കണമെന്നും വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി സ്‌കൂള്‍ പി.ടി.എ അംഗവും സി.പി.എമ്മുകാരനുമായ കെ.വി മനോജ്കുമാറിനെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുകയായിരുന്നു. മന്ത്രിസഭായോഗത്തിലാണ് സിപിഎമ്മിന്‍റെ തലശ്ശേരിയിലെ പ്രാദേശിക നേതാവും ബര്‍ണന്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ പിടിഎ അംഗവുമെന്ന യോഗ്യത മാത്രമുള്ള അഡ്വ. കെ.വി മനോജ്കുമാറിനെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാൻ തീരുമാനമായത്. രണ്ട് ജില്ലാ ജഡ്ജിമാരെ പോലും മറികടന്നായിരുന്നു നിയമനം.