ആറുവയസുകാരിയുടെ സഹോദരന്‍ ഹീറോയെന്ന് എഡിജിപി; മൂത്തകുട്ടിയുടെ ചെറുത്തുനില്‍പ്പ് പ്രതീക്ഷിച്ചില്ലെന്നും പ്രതികളുടെ മൊഴി


ഓയൂരിലെ സംഭവത്തില്‍ ആറുവയസുകാരിയുടെ സഹോദരനാണ് ഹീറോയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍. സഹോദരിയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ മൂത്തകുട്ടിയുടെ ചെറുത്ത് നില്‍പ്പ് പ്രതീക്ഷിച്ചില്ലെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മിടുക്കരായ കുട്ടികളാണ് രണ്ടുപേരും. പെണ്‍കുട്ടിയും താരമാണ്, നല്‍കിയ വിവരങ്ങള്‍ നിര്‍ണായകമായി. പതറാതെ കൃത്യമായി പെണ്‍കുട്ടി കാര്യങ്ങള്‍ വിവരിച്ചു തന്നു. രേഖാചിത്രം വരച്ചവര്‍ക്കും ഏറെ സഹായകമായിരുന്നു പെണ്‍കുട്ടിയുടെ വിവരണമെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ നല്‍കിയ വിവരമനുസരിച്ച് ചിത്രം വരച്ചവരുടെ പങ്കും പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. രേഖാചിത്രം ഏകദേശം പത്മകുമാറിന്റെ രൂപത്തിന് സമാനമായിരുന്നു. ഇതും പ്രതിയിലേക്കെത്തുന്നതിന് നിര്‍ണായകമായി. പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വലിയ പിന്തുണയായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നാലു ദിവസത്തെ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് കൊല്ലത്തു നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളിലേക്ക് പൊലീസ് എത്തിയത്. പ്രതികള്‍ വന്‍ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. കടുത്ത സാമ്പത്തിക പ്രശ്‌നത്തിലായിരുന്ന പത്മകുമാര്‍ ഒരുവര്‍ഷമായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വര്‍ഷം മുന്‍പാണ്. കാറുമെടുത്ത് പല സ്ഥലങ്ങളിലും കുട്ടികളെ തേടിപ്പോയിരുന്നു. തട്ടിയെടുക്കാന്‍ എളുപ്പമുള്ള കുട്ടികളെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് അറിയിച്ചു.

Comments (0)
Add Comment