മന്ത്രി ആർ.ബിന്ദു പ്രൊഫസറല്ല, ഡോക്ടർ എന്ന് ചീഫ് സെക്രട്ടറിയുടെ വിജ്ഞാപനം : ജയ്ഹിന്ദ് ഇംപാക്ട്

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ആര്‍.ബിന്ദുവെന്നല്ല ഡോ. ആര്‍ ബിന്ദുവെന്നാണ് അറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിയായതു സംബന്ധിച്ച് മെയ് 20ന് 1600,1601 നമ്പര്‍ ഗസറ്റുകളിലായി പ്രൊഫ. ആര്‍ ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തി.

തൃശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷില്‍ അസോസിയേറ്റ് പ്രൊഫസർ മാത്രമായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ‘പ്രൊഫസര്‍ ആര്‍ ബിന്ദുവായ ഞാന്‍’ എന്ന ആമുഖത്തോടെ സത്യവാചകം ചൊല്ലിയത് നേരത്തെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ജയ്ഹിന്ദ് ടി.വിയായിരുന്നു പുറത്തുകൊണ്ടുവന്നത്. പിന്നാലെ ‘പ്രൊഫസർ’  ഒഴിവാക്കിയായിരുന്നു നിയമസഭയില്‍  മന്ത്രിയുടെ സത്യപ്രതിജ്ഞ.

ഔദ്യോഗികമായി പ്രൊഫസര്‍ എന്ന് വിശേഷിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ നിയമം അനുശാസിക്കാതിരിക്കെയായിരുന്നു മന്ത്രിയുടെ നടപടി. സത്യപ്രതിജ്ഞാച്ചടങ്ങ് പോലുള്ള ഔദ്യോഗിക പരിപാടികളില്‍ പ്രൊഫസര്‍ എന്ന് വിശേഷിപ്പിക്കുന്നതിനുള്ള കീഴ്വഴക്കവും നിലവിലില്ല.

ബിന്ദുവിന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ലെന്ന ആരോപണം നേരത്തെയും ഉയര്‍ന്നുവന്നിരുന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീ കേരളവര്‍മ്മ കോളേജില്‍  അസോസിയേറ്റ് പ്രൊഫസറായായിരുന്നു ബിന്ദു പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍, അണ്‍-എയിഡഡ്, എയിഡഡ് കോളേജുകളില്‍ പ്രൊഫസര്‍ തസ്തിക നിലവിലില്ല. സര്‍വകലാശാലകളിലെ വിവിധ വകുപ്പുകളിലെ അധ്യാപകര്‍ക്കുമാത്രമാണ് പ്രൊഫസര്‍ തസ്തികകള്‍ അനുവദിക്കുക. കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ബിന്ദു, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമുന്നോടിയായി സ്വയം വിരമിക്കുകയായിരുന്നു.