ചട്ടം ലംഘിച്ച് ചീഫ് സെക്രട്ടറി; ഡി വൈ എഫ് ഐ തയാറാക്കിയ പോസ്റ്റർ ഉൾപ്പെടെ പങ്കുവെച്ച് ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ കെ ശൈലജക്ക് യു എൻ ആദരം എന്ന് വ്യാഖ്യാനിച്ച് സിപിഎം സൈബർ പ്രചരണം

Jaihind News Bureau
Wednesday, June 24, 2020

ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പങ്കെടുത്തതിനെ ആരോഗ്യ വകുപ്പിന് ലഭിച്ച ആദരവായി ചിത്രീകരിച്ച് ചീഫ് സെക്രട്ടറി. ഡിവൈഎഫ്ഐ തയാറാക്കിയ പോസ്റ്റർ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ കെ ശൈലജക്ക് യു എൻ ആദരം എന്ന് വ്യാഖ്യാനിച്ചാണ് സിപിഎം സൈബർ ഇടങ്ങളിൽ ഉൾപ്പെടെ പ്രചാരണം നടത്തുന്നത്.

ജൂൺ 23 ആണ് ഐക്യരാഷ്ട്ര സഭ പൊതുസേവന ദിനമായി ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിലേയ്ക്കുള്ള ഒരു ക്ഷണമാണ് അവാർഡ് എന്ന് തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നത്.

വാർത്തകൾ പ്രചരിപ്പിക്കുന്നവരിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉൾപ്പെടെയുള്ളവർ ഉണ്ട് എന്നതാണ് വിരോധാഭാസം. ഡിവൈഎഫ്‌ഐ തയ്യാറാക്കിയ പോസ്റ്റർ വരെ ഷെയർ ചെയ്തുകൊണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാൽ പോസ്റ്റ് വിവാദമായതോടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ഡിവൈഎഫ്‌ഐ പോസ്റ്റർ വിശ്വാസ് മേത്ത പിൻവലിച്ചു.

കൊറിയൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയം ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാറിലെ പാനൽ ചർച്ചയിലാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ സംസാരിച്ചത്. ഇതിനെ കൊവിഡ് പ്രതിരോധത്തിന് ലഭിച്ച അംഗീകാരമായി ചിത്രീകരിക്കാനാണ് ശ്രമം.

ഇന്നലെ വരെ 388,488 കൊവിഡ് കേസുകളും 31,125 മരണങ്ങളും റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യു ക്യൂമോ വരെ കെ.കെ.ശൈലജ പങ്കെടുത്ത വെബ്ബിനാറിൽ ഉണ്ടായിരുന്നു. ഈ വർഷം പബ്ലിക് സർവീസ് അവാർഡ് ജേതാക്കളുടെ ലിസ്റ്റിൽ ബംഗ്ലാദേശ്, ബൊട്‌സ്വാന, ബ്രസീൽ, മെക്‌സിക്കോ, പോർച്ചുഗൽ, റിപ്പബ്ലിക് ഓഫ് കൊറിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള 7 പൊതു സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ കെ.കെ.ഷൈലജ ഉൾപ്പെടുന്നില്ല. അവസാനമായി കേരളത്തിലെ പബ്ലിക് സർവീസ് അവാർഡ് ഐക്യരാഷ്ട്ര സഭയിൽ നിന്നും ലഭിച്ചത് 2013ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.

ഈ വർഷത്തെ അവാർഡ് ജേതാക്കളുടെ ലിസ്റ്റ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉണ്ട്. കേരളത്തിലെ ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ വിശദീകരിക്കാനുള്ള ക്ഷണമാണ് അവാർഡെന്നും ആദരവെന്നും പറഞ്ഞ് സിപിഎം സൈബർ പോരാളികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത്.

ചട്ടം ലംഘിച്ച് ചീഫ് സെക്രട്ടറി

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സംസ്ഥാന ആരോഗ്യവകുപ്പിന്‌ ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ആദരം. ലോകനേതാക്കള്‍ക്ക്‌ ഒപ്പമാണ്‌ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആരരിക്കപ്പെടുന്നത്‌.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട്‌ അനുബന്ധിച്ചാണ്‌ ആദരവ്‌. പൊതുസേവകരും കോവിഡ്‌ 19 എന്ന മഹാമാരിയും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും ഉണ്ട്‌.

പ്രാദേശിക, ദേശീയ തലങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ്‌ ചര്‍ച്ച.

റിപ്പബ്ലിക്‌ ഓഫ്‌ കൊറിയയുടെ ആഭ്യന്തര സുരക്ഷ ഉപമന്ത്രി ഡോ. ഇന്‍ ജെയ്‌ ലീ, കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടിച്ചര്‍,ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യമോ, അന്താരാഷ്ട്ര നഴ്സിംഗ്‌ ഭാണ്‍സില്‍ പ്രസിഡന്‍റ്‌ അന്നെറ്റ്‌ കെന്നഡി, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ജിം കാംപെല്‍, അന്താരാഷ്ട്ര പൊതുസേവന പ്രസിഡനറ്‌ റോസ പാവനലെല്ലി എന്നിവരാണ്‌ പാനല്‍ അംഗങ്ങള്‍.