മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്കു മുന്‍പില്‍ ; ഹാജരാകല്‍ നാലാമത്തെ നോട്ടീസില്‍

Jaihind News Bureau
Thursday, December 17, 2020

 

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യംചെയ്യലിനായി ഇ.ഡിക്കു മുന്‍പില്‍ ഹാജരായി. കൊച്ചി ഓഫീസിലാണ്  ഹാജരായത്. ചോദ്യംചെയ്യലിനായി നാലുതവണയാണ് രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്.

മുമ്പ് മൂന്നുതവണ നോട്ടീസ് അയച്ചപ്പോഴും കൊവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. എന്നാല്‍ നടുവേദനയുടെ പ്രശ്‌നം ഒഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതേസമയം രവീന്ദ്രന്റെ ഹര്‍ജി  ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ദീര്‍ഘനേരം തടഞ്ഞുവച്ച് ചോദ്യം ചെയ്യരുതെന്നായിരുന്നു രവീന്ദ്രന്റെ ആവശ്യം.  ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ ശിവശങ്കര്‍ ഇപ്പോള്‍ പ്രതിയല്ലെന്നും അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ.ഡി. ഹൈക്കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളി. മിനിറ്റുകള്‍ക്കുള്ളില്‍ ഇ.ഡി. ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.