വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല

 

തിരുവനന്തപുരം: വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. ദുബായ്-തിരുവനന്തപുരം വിമാനത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും എത്തിയത്. അതേസമയം വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായില്ല.

ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഭാര്യ ടി. വീണയും നാളെ മടങ്ങിയെത്തും. മുഖ്യമന്ത്രിയുടെ രഹസ്യമായുള്ള വിദേശയാത്രക്കെതിരെ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം വിദേശയാത്ര സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും രഹസ്യ സ്വകാര്യ യാത്രയ്ക്കെതിരെ സ്പോൺസർഷിപ്പ് വിവാദവും ഗവർണറുടെയും പ്രതിപക്ഷത്തിന്‍റെയും വിമർശനവും ഉയർന്നിരുന്നു. ബിജെപി ഇതര മുഖ്യമന്ത്രിമാർ പൊതു തിരഞ്ഞെടുപ്പിൽ രാജ്യമെമ്പാടും പ്രചാരണത്തിൽ ഏർപ്പെടുമ്പോൾ മോദിക്കെതിരെ പ്രചരണം നടത്തുവാൻ ഭയന്ന് മുഖ്യമന്ത്രി ഒളിച്ചോടിയതായ ആരോപണവും ഉയർന്നിരുന്നു.

സ്വകാര്യ സന്ദർശനത്തിനായി കുടുംബത്തോടൊപ്പം മേയ് ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് തിരിച്ചത്. അനൗദ്യോഗിക സ്വകാര്യ യാത്രയാണിതെന്ന് വ്യാഖ്യാനിച്ച് സർക്കാർ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് അറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ രഹസ്യ യാത്ര സംബന്ധിച്ച് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിമർശനം ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോൺസർഷിപ്പ് സംബന്ധിച്ചും ചില വിവാദങ്ങൾ ഉയർന്നു. സ്പോൺസർഷിപ്പ് വിവാദം ആളിപ്പടർന്നപ്പോൾ മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയെ കൂടുതൽ വെട്ടിലാക്കിയിരുന്നു.

കേരളം ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ മന്ത്രിസഭായോഗം പോലും മാറ്റിവെച്ചുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പ്രതിപക്ഷവും ശക്തമായി വിമർശിച്ചിരുന്നു. ഗുണ്ടാ ലഹരി മാഫിയ സംഘങ്ങൾ സംസ്ഥാനത്ത് അഴിഞ്ഞാടുമ്പോൾ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അഭാവവും വിമർശനത്തിനിടയാക്കി. ഭാര്യയ്ക്കും കൊച്ചുമകനും ഒപ്പം തിരിച്ചെത്തിയ മുഖ്യമന്ത്രി യാത്രയെക്കുറിച്ചോ വിവാദങ്ങളെ കുറിച്ചോ പ്രതികരിക്കുവാൻ തയാറായില്ല.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ
വിമാനത്താവളത്തിൽ എത്തുക പതിവായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍
ഒഴിച്ച് മറ്റാരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. നേരത്തെ അറിയിച്ചതിലും മുന്നേ മുഖ്യമന്ത്രി തിരിച്ചെത്തിയെങ്കിലും
മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വിവാദങ്ങളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളും തുടരുമെന്നുറപ്പാണ്.

Comments (0)
Add Comment