മുല്ലപ്പെരിയാറില്‍ കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നു: കെ സുധാകരന്‍ എംപി

 

തിരുവനന്തപുരം : കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനം പാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. മരംമുരി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു. എന്നാല്‍, നവംബര്‍ 6ന് തമിഴ്നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിച്ചപ്പോള്‍ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്. അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തര്‍ നദീജല വിഷയങ്ങള്‍ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം അറിയാതെ ഈ വിഷയത്തില്‍ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവം.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാന്‍ വ്യക്തമായ ആസൂത്രണമാണ് തമിഴ്നാട് നടത്തുന്നത്. അതിന്‍റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തല്‍. തമിഴ്നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ തുടര്‍ച്ചയായി ഈ വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി വാ തുറന്നില്ല.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഏറുകയാണ്. കനത്ത മഴയില്‍ ജനങ്ങളുടെ ആശങ്കയും ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരുകയുള്ളുവെന്ന് കെ സുധാകരന്‍ എംപിചൂണ്ടിക്കാട്ടി.

Comments (0)
Add Comment