ഉദ്യോഗസ്ഥരെ ബലിയാടാക്കി സര്‍ക്കാര്‍; ടി.പി. കേസ് പ്രതികൾക്ക് ശിക്ഷ ഇളവിന് ശുപാർശ ചെയ്ത 3 ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ഉത്തരവിറക്കി മുഖ്യമന്ത്രി

 

തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി. അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ ഒ. വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍റ് ചെയ്യാന്‍ ഉത്തരവിട്ടത്.

പ്രതിപക്ഷ നേതാവിന്‍റെ സബ് മിഷൻ നിയമസഭയിൽ വരുന്നതിനു മുമ്പേയാണ് സർക്കാർ തീരുമാനം. ഇതേ വിഷയത്തില്‍ കെ.കെ. രമ കഴിഞ്ഞ ദിവസം അടിയന്ത്രപ്രമേയ നോട്ടീസ് അവതിരിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും സ്പീക്കര്‍ തള്ളിയിരുന്നു. ശിക്ഷ ഇളവിന് നീക്കമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്. എന്നാല്‍ പ്രതികളെ വിട്ടയക്കാനുള്ള നീക്കം നടന്നു എന്ന് സമ്മതിക്കുന്നത് കൂടിയാണ് സർക്കാർ നടപടി.

Comments (0)
Add Comment