ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാത്ത പിണറായിക്ക് ആര്‍പ്പോ ആര്‍ത്തവത്തെ പേടിയോ?

Jaihind Webdesk
Sunday, January 13, 2019

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. ശബരിമലയിലുള്‍പ്പെടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചും ആര്‍ത്തവത്തിന്റെ പേരിലുള്ള മാറ്റി നിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ നിയമം പാസാക്കണമെന്നുമാണ് ആര്‍പ്പോ അയിത്തം സംഘാടകരുടെ ആവശ്യം. അതേ സമയം മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ വന്‍ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. ഊരിപ്പിടിച്ച വാളിന്റെ മുന്നില്‍ ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാതെ നടന്നുപോയെന്ന് അവകാശപ്പെടുന്ന പിണറായിക്ക് തീവ്രസ്വഭാവമുള്ളവരെ പേടിയെന്തിനെന്നാണ് ഉയരുന്ന ചോദ്യം. ഇവിടെ ഇരട്ടച്ചങ്കന്റെ പേടിയാണോ പിന്‍മാറ്റത്തിന് കാരണമെന്നും സംഘാടകരോട് അടുത്ത വൃത്തങ്ങള്‍ ചോദിക്കുന്നു.
എന്നാല്‍ സംഘാടകരില്‍ ചിലര്‍ തീവ്രസ്വഭാവമുള്ളവരാണെന്നും ഇത് പിന്നീട് വിമര്‍ശനത്തിന് ഇടയാക്കുമെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് വിശദീകരണം. എന്നാല്‍ ആര്‍പ്പോ ആര്‍ത്തവം ആര് നടത്തുന്ന പരിപാടിയാണെന്നും ഉദ്ദേശ്യം എന്താണെന്നും വ്യക്തമാകാതെയുമാണോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരോട് അറിയിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സംഘാടകരിലെ തീവ്രസ്വഭാവക്കാരെ നേരത്തെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമാണെന്നും വിലയിരുത്തപ്പെടുന്നു.
അതുമാത്രമല്ല. ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ വിശ്വാസസമൂഹത്തിന്റെ അനിഷ്ടം ഏറ്റുവാങ്ങിയിരിക്കുന്ന പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളിലേക്ക് പോകേണ്ടതില്ലെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.