മന:സാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം : മുല്ലപ്പള്ളി

Jaihind Webdesk
Monday, September 30, 2019

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സി.പി.എം. നേതൃത്വത്തിന്റെ അറിവോടെ നടപ്പാക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ട് തയ്യാറാക്കിയ കുറ്റപത്രം ഹൈക്കോടതി അപ്പാടെ റദ്ദാക്കുകയാണ് ചെയ്തത്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമാണ്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ ഈ കേസില്‍ സി.പി.എമ്മിനുള്ള ബന്ധം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കോടതി നിരീക്ഷണം തന്നെ സി.പി.എമ്മിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു കുറ്റപത്രത്തിനെതിരേ ഹൈക്കോടതിയുടെ ഇത്രയും രൂക്ഷമായ വിമര്‍ശനം സമീപകാലത്ത് ഉണ്ടായിട്ടില്ല. ഈ കുറ്റപത്രവുമായി കോടതിയില്‍ ചെന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം, തികച്ചും രാഷ്ട്രീയമായാണ് കുറ്റപത്രം തയ്യാറാക്കിയതെന്നു വ്യക്തമാക്കുന്നു.

രാഷ്ട്രീയ വൈരാഗ്യത്തോടെ നടത്തിയ കൊലപാതകമെന്ന് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നത് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ വ്യക്തിവൈരാഗ്യം എന്നായി. ഫോറന്‍സിക് വിദഗ്ധന്റെ അഭിപ്രായം തേടിയില്ല, പ്രതികളുടെ മൊഴിവച്ച് കുറ്റപത്രം തയ്യാറാക്കി തുടങ്ങിയ അതീവഗുരുതരമായ വീഴ്ചകളാണ് കോടതി അക്കമിട്ട് നിരത്തിയിരിക്കുന്നത്.സി.പി.എം കൃത്യമായി ആസൂത്രണം നടത്തിയ കൊലപാതകത്തില്‍ നിന്നും പ്രതികളെ രക്ഷിക്കാന്‍ പോലീസ് കുറ്റവാളികളേക്കാള്‍ മികച്ച ആസൂത്രണം നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.