മുഹമ്മദ് റിയാസിനെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി; 3 മാസം മുമ്പുള്ള അന്‍വറിന്റെ നിയമസഭാ ചോദ്യത്തിനും പിണറായി മറുപടി നല്‍കിയില്ല


തിരുവനന്തപുരം: പി.വി അന്‍വറിനോടുള്ള മുഖ്യമന്ത്രി പിണറായി വിജയനുള്ള അനിഷ്ടം മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതെന്നുള്ള വിവരങ്ങള്‍ പുറത്ത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പുള്ള അന്‍വറിന്റെ നിയമസഭ ചോദ്യത്തിനും പിണറായി മറുപടി നല്‍കിയില്ലെന്ന് നിയമസഭ വെബ്‌സൈറ്റില്‍ നിന്ന് വ്യക്തമാണ്.

നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഭൂമി റോഡ് നവീകരണത്തിന് വിട്ടുകിട്ടുന്നതിന് നടപടിയെടുക്കുമോ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ജൂണ്‍ 10 ന് പി.വി അന്‍വര്‍ ചോദിച്ചത്. വനം, റവന്യു വകുപ്പുകളും സ്വകാര്യ വ്യക്തികളും റോഡ് നവീകരണത്തിന് ഭൂമി വിട്ട് നല്‍കിയ സ്ഥിതിക്ക് നവീകരണം തടസ്സപ്പെടാതിരിക്കാന്‍ നിലമ്പൂര്‍ പൊലിസ് സ്റ്റേഷന്റെ ചെറിയൊരു ഭാഗം ഭൂമി വിട്ട് നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കാമോ എന്നായിരുന്നു അന്‍വര്‍ ചോദിച്ചത്. എന്നാല്‍ അന്‍വര്‍ ഉയര്‍ത്തിയ ഈ ചോദ്യത്തിന് 3 മാസമായിട്ടും പിണറായി വിജയന്‍ മറുപടി നല്‍കിയിട്ടില്ല.

സാധാരണഗതിയില്‍ നിയമസഭ ചോദ്യങ്ങള്‍ സഭയില്‍ വരുന്ന ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് മറുപടി നല്‍കണമെന്നാണ് ചട്ടം. അന്‍വര്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി കൃത്യമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ലഭിച്ചിട്ടും അത് പുറംലോകത്തെ കാണിച്ചില്ല എന്ന് വ്യക്തം. ദിവസങ്ങള്‍ക്ക് മുന്‍പ് പി.വി അന്‍വര്‍ തന്നെ മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Comments (0)
Add Comment