‘ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്കും പങ്ക്’; തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവർണർ

Jaihind Webdesk
Sunday, September 18, 2022

തിരുവനന്തപുരം: കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ഗവർണർ പറഞ്ഞു. തന്നെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടും. കെ.ടി ജലീലിന്‍റെ കശ്മീർ പരാമർശം പാകിസ്ഥാൻ ഭാഷയിയാണെന്നും ഗവർണർ ആരോപിച്ചു.

2019 ഡിസംബർ 28ന് കണ്ണൂരിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്. തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കുകയിരുന്നു ലക്ഷ്യം. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആൾ ആ ഗൂഢാലോചനയിൽ പങ്കാളിയായി. തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.

പരസ്യമായി ഭരണഘടനയെ അപമാനിച്ചതിന് ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. ഒരു മുൻ മന്ത്രി പാകിസ്ഥാൻ ഭാഷയിൽ കാശ്മീരിനെ വിവരിച്ചെന്നും കെ ടി ജലീലിന്‍റെ ആസാദി കാശ്മീർ പരാമർശത്തെ കുറിച്ച് ഗവർണർ പറഞ്ഞു. സർക്കാർ നിയമപരമായി പ്രവർത്തിച്ചാൽ ഈ പ്രതിസന്ധികൾ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തനിക്കുമേൽ ഒരു സമ്മർദ്ദവും നടക്കില്ലെന്നും ഗവർണർ ആവർത്തിച്ചു. ആരെങ്കിലും മൈക്ക് നീട്ടിയാൽ ഞാൻ സംസാരിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത് . മാധ്യമ പ്രവർത്തകർ അങ്ങനെ ആരെങ്കിലുമാണോ എന്നും ​ഗവ‍ർണർ ചോദിച്ചു. താൻ ആരെയും രാജ്ഭവനിൽ ക്ഷണിച്ച് വരുത്തി സംസാരിക്കാറില്ല. മാധ്യമങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് താൻ സംസാരിക്കുന്നതെന്നും ​എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ മാധ്യമങ്ങൾ പ്രതികരിക്കാത്തത് എന്നും ​ഗവർ‌ണർ ചോദിച്ചു.