വെളിച്ചം മുഖത്തുവീണു, അസ്വസ്ഥനായി മുഖ്യമന്ത്രി; ലൈറ്റിംഗ് സംവിധാനത്തിന് വിമർശനം

 

കോട്ടയം: നവകേരള സദസിനിടെ  വെളിച്ചം മുഖത്തടിച്ചതിനും പരിഭവവും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചങ്ങനാശേരി എസ്ബി കോളേജ് ഗ്രൗണ്ടിലെ നവകേരള സദസ് വേദിയിലെ പ്രകാശ സംവിധാനത്തിനായിരുന്നു ഇക്കുറി മുഖ്യമന്ത്രിയുടെ വിമർശനം. പ്രസംഗിക്കുന്നതിനിടെ മുഖത്തേക്കു ലൈറ്റ് അടിച്ചതോടെ മുഖ്യമന്ത്രിഅസ്വസ്ഥനായി. തുടർന്ന് കൈ മുഖത്തിനു മറ പിടിച്ച് കുറ്റപ്പെടുത്തല്‍.

“ഞാൻ ഈ കൈകൊണ്ടു നോക്കുന്നത് മുന്നിലിരിക്കുന്നവരെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ എന്നതിനാലാണ്. പിന്നിൽ ഇരിക്കുന്നവരെ കാണാൻ വിഷമമാണ്. ലൈറ്റ് ചെയ്യുന്നവരുടെ ഉപകാരമാണ്. നമ്മളെ നല്ല വെട്ടത്തു നിർത്തി നിങ്ങളെ ഇരുട്ടത്താക്കുകയാണു ചെയ്യുന്നത്” – മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സദസിലേക്ക് വെട്ടം നല്‍കാനായി വെച്ചിരുന്ന ലൈറ്റ് പെട്ടെന്ന് ഓഫ് ചെയ്തു. പിന്നീടാണ് മുഖ്യമന്ത്രി പ്രസംഗത്തിലേക്ക് കടന്നത്.

നിസാര കാര്യങ്ങളില്‍ പോലും പ്രകോപിതനാവുന്ന മുഖ്യമന്ത്രിയുടെ രീതി ഇതിനോടകം ചർച്ചയായിട്ടുണ്ട്. നവകേരള സദസിനിടെ കെ.കെ. ശൈലജയെയും തോമസ് ചാഴിക്കാടന്‍ എംപിയെയും അപമാനിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. പ്രസംഗം ദീർഘിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കെ.കെ. ശൈലജയോടുള്ള അതൃപ്തി പ്രകടിപ്പിച്ചത്. നവകേരള സദസില്‍ ആമുഖ പ്രസംഗത്തിനിടെ വികസന ആവശ്യങ്ങള്‍ പരാതിയായി പറഞ്ഞെന്ന് കാട്ടി തോമസ് ചാഴിക്കാടനെയും മുഖ്യമന്ത്രി പറപ്പിച്ചു. ചാഴിക്കാടനെ അപമാനിച്ചതില്‍ കേരള കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയാണുള്ളത്.

Comments (0)
Add Comment