പെരിയ ഇരട്ടക്കൊല: മുഖ്യമന്ത്രി ഒരു നിമിഷം ഇനി അധികാരത്തില്‍ തുടരരുത്: രമേശ് ചെന്നിത്തല 

Jaihind Webdesk
Monday, September 30, 2019

Ramesh-chennithala10

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളെ ഹൈക്കോടതി തകര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം ഇനി അധികാരത്തില്‍ തുടരാതെ സ്ഥാനമൊഴിയണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേസന്വേഷണത്തില്‍ കോടതി തന്നെ സംശയം പ്രകടിപ്പിക്കുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്ത അസാധാരമമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഭരണകക്ഷി തന്നെ കൊലപാതകം ആസൂത്രണം ചെയ്യുകയും ഭരണകൂടം  കൊലപാതകികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്താല്‍ ജനങ്ങള്‍ക്ക് എങ്ങനെ നിര്‍ഭയമായി ജീവിക്കാനാവും? നിയമവാഴ്ച എങ്ങനെ നടപ്പാവും? കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുക വഴി മുഖ്യമന്ത്രി കൊടുംകുറ്റമാണ് ചെയ്തിരിക്കുന്നത്. ഒന്നാംപ്രതിയുടെ മൊഴി വേദവാക്യമായി അന്വേഷണസംഘം സ്വീകരിച്ചു എന്നും ഈ കുറ്റപത്രം വച്ച് മുന്നോട്ട് പോയാല്‍  പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റപത്രം റദ്ദാക്കിയത്.

പ്രതികള്‍ക്ക് വേണ്ടി പ്രതികള്‍ നടത്തിയ അന്വേഷണമാണിത്. അതാണ് കോടതി തകര്‍ത്തത്. കൊലപാതകത്തില്‍ ഗൂഢാലോചന നടന്നത് പോലെ കേസ് അട്ടിമറിക്കുന്നതിനും ഗൂഢാലോചന നടന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇനി ഈ വിധിയന്മേല്‍ അപ്പീല്‍ പോകാനാണ് നീക്കമെങ്കില്‍ ജനങ്ങള്‍ ശക്തമായ മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.