ഒരു നൂറുദിന യാത്ര

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് എപ്പോഴും ഒരു വിചിത്രഭാവനമാത്രമായിരുന്നു. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്ന മൂഢമായ ആശയം വില്‍ക്കുവാന്‍ ശ്രമിച്ചവരാണ് ബി.ജെ.പി, പ്രത്യേകിച്ച് നരേന്ദ്രമോദിയും അമിത്ഷായും. കോണ്‍ഗ്രസ് ഇതിനെ കുപ്പത്തൊട്ടിയില്‍ തള്ളി. എന്തിനേറെ ആര്‍.എസ്.എസ് പോലും ഇത്തരമൊരു പ്രകോപനപരമായ മുദ്രാവാക്യത്തില്‍ നിന്ന് അകന്നുനിന്നു. എന്തുതന്നെയായാലും ഇന്ത്യയിലെ ജനങ്ങള്‍ ഈ ആശയത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളിലെ (ചത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്) സമ്മതിദായകര്‍ കോണ്‍ഗ്രസിന് ഖണ്ഡിതമായി അനുകൂലവിധി എഴുതിയിരിക്കുകയാണ്. ഖണ്ഡിതമായ എന്ന വാക്ക് ഉപയോഗിച്ചതിനെക്കുറിച്ച് വായനക്കാര്‍ക്ക് സംശയം ഉയര്‍ന്നേക്കാം. സൂക്ഷ്മവും ശ്രദ്ധേയവുമായ തെരഞ്ഞടുപ്പ് ഫലം അവലോകനം ചെയ്തതിന് ശേഷമാണ് ഞാന്‍ അത്തരമൊന്ന് ഉപയോഗിച്ചിരിക്കുന്നത്.

ഖണ്ഡിതമായ ജനവിധി

താഴെപ്പറയുന്ന കാരണങ്ങള്‍ ശ്രദ്ധിക്കൂ:

* ചത്തീസ്ഗഢില്‍, സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയാണ് ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചത്. 43.0 ശതമാനം വോട്ടുകളോടെ 90ല്‍ 68 സീറ്റും കോണ്‍ഗ്രസിനായിരുന്നു.

* രാജസ്ഥാനില്‍, ബി.ജെ.പിയെക്കാള്‍ കോണ്‍ഗ്രസ് വോട്ടിലും (13,935,201 ഉം 13,757,502ഉം) പോള്‍ ചെയ്യപ്പെട്ട വോട്ട് ശതമാനത്തിലും (39.3 ശതമാനവും 38.9 ശതമാനവും) മുന്നിട്ടുനിന്നു. കൂടാതെ, കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ നേടിയ അഞ്ച് സീറ്റുകളിലെ 184,874 വോട്ടുകളും കോണ്‍ഗ്രസിന്റെ കണക്കില്‍പ്പെടുത്താവുന്നതാണ്.

* മധ്യപ്രദേശില്‍, ബി.ജെ.പിയെക്കാള്‍ ഒരുസീറ്റ് കുറവായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നിട്ടും ബി.ജെ.പിയെക്കാള്‍ കൂടുതല്‍ സീറ്റുകളും (114 – 109) തുല്യസംഖ്യ വോട്ടുകള്‍ (15,595,153 vs 15,642,980) നേടുകയും ചെയ്തു.

ഈ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എവിടെ നിന്ന് തുടങ്ങി എന്നത് പരിഗണിക്കുമ്പോള്‍ ബി.ജെ.പിക്കെതിരായ ജനാവിധി ഖണ്ഡിതമായി എന്നുതന്നെ പറയാം. ബി.എസ്.പി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ ഫലം ബി.ജെ.പിക്ക് ഇപ്പോഴത്തേതിലും വലിയ തിരിച്ചടിയായി മാറുമായിരുന്നു.

രാജസ്ഥാനില്‍ ബി.എസ്.പി ആറ് സീറ്റുകള്‍ നേടി (1,410,995 വോട്ടുകളും പോള്‍ ചെയ്യപ്പെട്ടതിന്റെ നാല് ശതമാനവും). മധ്യപ്രദേശില്‍ രണ്ട് സീറ്റുകള്‍ നേടി (1,911,642 വോട്ടുകളും പോള്‍ ചെയ്യപ്പെട്ടതിന്റെ അഞ്ച് ശതമാനവും). കോണ്‍ഗ്രസും ബി.എസ്.പിയും തമ്മില്‍ സഖ്യമുണ്ടായിരുന്നുവെങ്കില്‍ 29 സീറ്റുകള്‍ കൂടി കോണ്‍ഗ്രസിനൊപ്പം ചേരുമായിരുന്നു.

ഫലത്തിന് പിന്നിലെ കാരണങ്ങള്‍
കണക്കുകള്‍ മാറ്റിനിര്‍ത്തി, എന്തുകൊണ്ട് ജനങ്ങള്‍ അന്തിമമായി കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നതിനെക്കുറിച്ച് സംസാരിക്കാം. ഹിന്ദിഹൃദയഭൂമിയിലെ ഏറ്റവും പ്രധാനകാരണം ഏവര്‍ക്കും അറിവുള്ളതുപോലെ – കര്‍ഷകരുടെ തകര്‍ച്ച, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കിടയിലെ സുരക്ഷിതത്വമില്ലായ്മ, ദളിത്, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവ തന്നെയാണ്. ഹിന്ദി ഹൃദയഭൂമിക്ക് അപ്പുറവും ഇക്കാരണങ്ങള്‍ തന്നെയാണ് പ്രധാനം. 2019ല്‍ ലോക്‌സഭാതെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുമ്പോള്‍ രാജ്യമൊട്ടാകെ ഉയരുന്ന ഇത്തരം അതിപ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കേന്ദ്രഭരണം കൈയാളുന്ന ബി.ജെ.പി മറുപടി തയ്യാറാക്കിയെ മതിയാകൂ.
സൂക്ഷ്മമായി വിലയിരുത്തിയാല്‍ മറ്റുചിലകാരണങ്ങള്‍ കൂടി കണ്ടെത്താനാകാം. രാജ്യത്തെ പൗരന്‍മാര്‍ അവരുടെ ദൈനംദിന കാര്യങ്ങളിലും സ്വന്തം തൊഴിലിലും വേതനത്തിലും മാത്രമല്ല, മറ്റ് പല വിഷയങ്ങളിലും ബോധവാന്‍മാരാണ്.

ഉദാഹരണത്തിന് ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി ശ്രീ ‘യോഗി’ ആദിത്യനാഥിന്റെ കാര്യം തന്നെയെടുക്കാം. നരേന്ദ്രമോദിയെപ്പോലെ ഇടതടവില്ലാത്ത ക്യാമ്പയിനറാണ് അദ്ദേഹം. മോദിയെക്കാള്‍ കൂടുതല്‍ സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഗോസംരക്ഷണം, രാമക്ഷേത്രനിര്‍മ്മാണം, സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പേര് മാറ്റുക, മുസ്ലിം നേതാക്കളെ അവരുടെ സംസ്ഥാനങ്ങളില്‍ നിന്ന് തുടച്ചുനീക്കും എന്നൊക്കെ മാത്രം ഇത്തരം നേതാക്കള്‍ പറയുമ്പോള്‍, പ്രതീക്ഷയുടെയോ വികസനത്തിന്റെയോ സംരക്ഷണത്തിന്റെയോ ഒരു സന്ദേശവും അവിടെ ഉദിക്കുന്നില്ല. മറിച്ച്, നിരന്തര സംഘര്‍ഷം, അക്രമം, ലഹള, സമൂഹത്തിന്റെ വിഘടനം, ധ്രുവീകരണങ്ങളും സാധാരണ ജനങ്ങളില്‍ ഭയവുമാണ് ഉടലെടുക്കുക. ഈ ഭയപ്പാടുകളാണ് എന്റെ കാഴ്ച്ചപ്പാടില്‍ പാവപ്പെട്ടവര്‍ വോട്ടുരേഖപ്പെടുത്തുന്നതിനുള്ള കാരണങ്ങളാകുന്നത്.

ഭയത്തെ നമ്മള്‍ അകറ്റണം

മറ്റുള്ള സമ്മതിദായകരിലും ആദിത്യനാഥ് സൃഷ്ടിക്കുന്ന മതിപ്പ് ഇതുപോലെതന്നെയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ മോദിയും അമിത് ഷായും ഇത്തരം പ്രകോപനപരമായ സന്ദേശങ്ങള്‍ തന്നെയാണ് പ്രചരിപ്പിച്ചത്. ഇത്തരം സന്ദേശങ്ങള്‍ മുതിര്‍ന്ന പൗരന്‍മാരിലും, സാധാരണക്കാരിലും, ഉദ്യോഗസ്ഥരിലും, യുവാക്കളായ വിദ്യാര്‍ത്ഥികളിലും പ്രതിഫലിക്കില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തികച്ചും തെറ്റാണ്.
ഇക്കഴിഞ്ഞയാഴ്ച്ച വിവേകമുള്ള വ്യാപാരികളും ബാങ്കുകാരും എന്നോട് കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. വിദ്യാസമ്പന്നയായ ഒരു സ്ത്രീ എന്റെയടുത്തേക്ക് ഓടിയെത്തി പറഞ്ഞത് അവര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കണ്ട് സന്തോഷവതിയാണെന്നും കോണ്‍ഗ്രസിന് ആശംസകള്‍ അറിയിക്കുന്നുവെന്നുമാണ്. 2019 ല്‍ മാറ്റങ്ങളുണ്ടാകുമെന്നും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷവാന്‍മാരാണെന്നും മുതിര്‍ന്ന പൗരന്‍മാരും അഭിപ്രായപ്പെട്ടു. ശക്തമായ വിമര്‍ശകരും രാഷ്ട്രീയ നിരീക്ഷകരുമായ മാധ്യമപ്രവര്‍ത്തകരും ഇത്തരത്തില്‍ തന്നെ വിലയിരുത്തുന്നു (അവരുടെ മുതലാളിമാര്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ഇതുവരെ അറിവായിട്ടില്ല)
ബി.ജെ.പി അവരുടെ കൈയിലെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് തിരിച്ചുപോരാടും എന്നുറപ്പാണ്. നിയമസംവിധാനങ്ങള്‍, നിയമനിര്‍മ്മാണം, വാഗ്ദാനങ്ങള്‍, വിചാരണകള്‍, തിരയലുകള്‍ തുടങ്ങീ പദ്ധതികളിലേക്ക് കൂടുതല്‍ പണം വാരിയിറക്കും എന്നും ഉറപ്പാണ്. കൂടുതല്‍ പണത്തിനായി രാജ്യത്തിന്റെ കരുതല്‍ ധനത്തിലും കൈവെയ്ക്കുമെന്ന് ഉര്‍ജിത്ത് പട്ടേലിന്റെ പുറത്താകലിലൂടെ വ്യക്തമായിരിക്കുകയാണ്.
ബി.ജെ.പിക്ക് ഇനി തിരിച്ചടിക്കാന്‍ 100 ദിവസങ്ങളാളുള്ളത്. പ്രതിപക്ഷത്തിന് മുന്നോട്ടുപോകാനും 100 ദിനങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയുടെ ഭാവിയും നിലയും തീരുമാനിക്കുന്നതായിരിക്കും 2019ലെ തെരഞ്ഞെടുപ്പ് ഫലം.

Comments (0)
Add Comment