ഛത്തീസ്ഗഡ് സ്ഫോടനം; വീരമൃത്യു വരിച്ച മലയാളി ജവാന്‍റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും

 

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ നക്‌സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണുവിന്‍റെ മൃതദേഹം നാളെ പുലർച്ചെ തലസ്ഥാനത്ത് കൊണ്ടുവരും. പുലർച്ചെ ഒരു മണിയോടെ മൃതദേഹം തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആക്രമണത്തിൽ വിഷ്ണുവടക്കം രണ്ടു സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 35 വയസായിരുന്നു. ഒന്നരമാസം മുമ്പ് പുതിയ വീടിന്‍റെ ഗൃഹപ്രവേശനം നടത്തിയ ശേഷമാണ് വിഷ്ണു ഛത്തീസ്ഗഡിലേക്ക് മടങ്ങിയത്. സിആർപിഎഫിൽ ഡ്രൈവർ ആയിരുന്ന വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബ് സ്ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ട്രക്ക് പൂർണ്ണമായും തകർന്നു. പാലോട് കാലൻകാവ് സ്വദേശി വിഷ്ണുവിന് ഭാര്യയും രണ്ട് ആൺ മക്കളുമാണുള്ളത്.

ഭീകരാക്രമണത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവറായ വിഷ്ണുവും ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ ശൈലേന്ദ്രയുമാണ് വീരമൃത്യു വരിച്ചത്. ശൈലേന്ദ്ര യുപി സ്വദേശിയാണ്. കാൺപൂരാണ് ജന്മദേശം. സുക്മ ജില്ലയിലെ ജ​ഗർ​ഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. സംഭവസ്ഥലത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.

Comments (0)
Add Comment