ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു

Jaihind Webdesk
Tuesday, November 2, 2021

തിരുവനന്തപുരം  : സിപിഎം വിട്ട് വന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പിയാണ് ചെറിയാൻ ഫിലിപ്പിന് അംഗത്വം നൽകിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇരുപതു വർഷത്തിലേറെയായി കോൺഗ്രസിൽ നിന്ന് വിട്ടുനിന്ന ചെറിയാൻ ഫിലിപ്പ് കെ പി സി സി ആസ്ഥാനത്തെത്തിയാണ് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി ചെറിയാൻ ഫിലിപ്പിന് അംഗത്വം നൽകി .കോൺഗ്രസ്‌ പ്രസ്ഥാനത്തിന്‍റെ മഹത്വം സിപിഎമ്മിൽ ഇരുന്നാണ് ചെറിയാൻ ഫിലിപ്പ് മനസിലാക്കിയതെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു

ചെറിയാൻ ഫിലിപ്പിന് കേരള രാഷ്ട്രീയത്തിൽ എന്നും സ്ഥാനമുണ്ടെന്നും ജനങ്ങളുടെ വിശ്വാസമാണ് ചെറിയനെ ശ്രദ്ധേയനാക്കിയതെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ‌ചാണ്ടി പറഞ്ഞു.

കോൺഗ്രസിനെ സ്നേഹിക്കുന്ന നിരവധിപേർക്ക് മടങ്ങി വരാൻ ചെറിയാൻ ഫിലിപ്പ് പ്രചോദനമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ചെറിയാൻ ഫിലിപ്പ് മടങ്ങി വന്നപ്പോൾ വഴിതെറ്റിപോയ ആട്ടിൻക്കുട്ടി മടങ്ങി വന്ന പ്രതീതിയാണെന്നും ചെറിയാൻ ഫിലിപ്പിന്‍റെ കുടുംബം കോൺഗ്രസ്‌ ആണെന്നും കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

മാർക്സിസ്റ്റ്‌ പാർട്ടിയുടെ ലക്ഷ്യം അധികാരം നേടുക എന്നത് മാത്രമായിരുന്നു എന്നും 20 വർഷമായി സിപിഎമ്മിൽ സ്വാതന്ത്ര്യമില്ലാതെ കഴിയുകയായിരുന്നു എന്നും ചെറിയാൻ ഫിലിപ്പും ചടങ്ങിൽ അഭിപ്രായപ്പെട്ടു .