കൊച്ചി: ഇരട്ടവോട്ട് തടയാന്‍ ഹൈക്കോടതി ഹർജിക്കു പിന്നാലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഎല്‍ഒമാര്‍ ഇരട്ട വോട്ടുള്ള വോട്ടര്‍മാരുടെ വീട്ടിലെത്തി അവര്‍ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് അറിയുകയും അക്കാര്യം രേഖാമൂലം എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം. തുടര്‍ന്ന് ഇക്കാര്യം ബന്ധപ്പെട്ട പ്രസൈഡിങ് ഓഫീസറെ അറിയിക്കണം. വോട്ടര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ വോട്ടറുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യണം.
വോട്ടെടുപ്പിന് ശേഷം ഈ ഫോട്ടോകള്‍ പരിശോധിച്ച് ഇരട്ട വോട്ട് നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണം. സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ ഇത് വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടിന്‍റെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചേക്കും.