ഇടുക്കി : സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്‌മെന്റിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ തന്നെ പരിഹസിച്ച ധനമന്ത്രി തോമസ് ഐസക്കിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. പിണറായിയോടുള്ള വിരോധം തന്റെ ചുമലില്‍ ചാരി തീര്‍ക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം പ്രതിപക്ഷനേതാവായിരുന്നിട്ടും രമേശ് ചെന്നിത്തല ധനകാര്യമാനേജ്മെന്റിനെക്കുറിച്ച് ഒന്നും പഠിച്ചില്ല എന്നാണ് ധനമന്ത്രി പറയുന്നത്. മാര്‍ച്ച് 30 -ാം തീയതി സംസ്ഥാനം 4,000 കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയില്‍ സംസ്ഥാനത്തിന് വാങ്ങാന്‍ കഴിയുന്ന 2000 കോടിയും കൂടി ചേര്‍ത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.
ഏതായാലും മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന ഒരാള്‍ അയല്‍ക്കാരനില്‍നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നുത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ.
നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരക്കുന്നു. ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്. എന്നിട്ടാണ് ഞാന്‍ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്. ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?