ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനം : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, April 4, 2021

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യുമെന്നും ഒരു തിരഞ്ഞെടുപ്പ് കമ്മീഷനും അത് തടയാനാവുകയില്ല എന്ന് സി.പി.എം നേതാവും തളിപ്പറമ്പ് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുമായ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രയോജനപ്പെടുത്തി കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ വ്യാപകമായി വ്യജവോട്ടര്‍മാരെ സൃഷ്ടിച്ചത് സി.പി.എം ആണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഒരു വ്യക്തി ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അത് ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന ഇരട്ട വോട്ട് തടയുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കരുതലുകളെ പരാജയപ്പെടുത്തി കള്ളവോട്ട് ചെയ്യുന്നതിനുള്ള ആഹ്വാനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.