തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവച്ച് സി.പി.എമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടെടുപ്പിന് മുന്‍പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ എന്തൊരു ഉത്സാഹമായിരുന്നു സര്‍ക്കാരിന്. എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ വേണ്ടാതായി. സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ. കിറ്റിന്റെ വിതരണം ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.
ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കല്‍ കൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏപ്രില്‍ 14 ആണ് വിഷു എങ്കിലും ഏപ്രിലിന് മുന്‍പ് തന്നെ കിറ്റ് വിതരണം ചെയ്യാന്‍ തിടുക്കം കാട്ടിയവരാണിവര്‍. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജനങ്ങളെ അവര്‍ക്ക് ആവശ്യമില്ലല്ലോ? വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സര്‍ക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.