ഐപിഎൽ : ചെന്നൈ തന്നെ സൂപ്പർ കിംഗ്‌സ്…! കിരീട നേട്ടം ബാംഗ്ലൂരിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി

Jaihind Webdesk
Sunday, March 24, 2019

ഐപിഎൽ 12-ാം പതിപ്പിൻറെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മിന്നും ജയം. 7 വിക്കറ്റിനായിരുന്നു വിരാട് കോലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. 71 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ 17.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടെത്തി.

ബാറ്റ്‌സ്മാൻമാർ മോശമായപ്പോൾ ബൗളർമാരുടെ പ്രകടനം ആവേശം നിറച്ചു. ഉദ്ഘാടന മത്സരം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന നിലവിലെ ചാമ്ബ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും വിരാട് കോഹ് ലിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായപ്പോൾ ആരാധകർ വലിയ പോരാട്ടമാണ് പ്രതീക്ഷിച്ചത്. എന്നാൽ ചെന്നൈയുടെ ആധിപത്യത്തിനു മുന്നിൽ ഒരിക്കൽ കൂടി കീഴടങ്ങാനായിരുന്നു റോയൽ ചലഞ്ചേഴ്സിൻറെ വിധി. ചെന്നൈയുടെ സ്പിൻ ബൗളിംഗിന് മുന്നിൽ കളിമറന്ന ബാംഗ്ലൂർ 17.1 ഓവറിൽ 70 റൺസിന് എല്ലാവരും പുറത്തായി.

ടോസ് നേടിയ ചെന്നൈ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഹർഭജൻ സിംഗും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി മത്സരഗതി ചെന്നൈക്കനുകൂലമാക്കി.മുൻനിര തകർന്നതോടെ മധ്യനിരയിലായിരുന്നു ബാംഗ്ലൂരിൻറെ പ്രതീക്ഷകൾ. എന്നാൽ 70 റൺസിൽ എല്ലാവരും ബംഗലൂരു താരങ്ങളെല്ലാം കൂടാരം കയറി രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തപ്പോൾ അവസാന വിക്കറ്റ് ഡ്വെയ്ൻ ബ്രാവോയും വീഴ്ത്തി. 29 റൺസെടുത്ത പാർഥിവ് പട്ടേലാണ് ബാംഗ്ലൂരിൻറെ ടോപ് സ്‌കോറർ. ബാക്കി ഒരൊറ്റ ബാറ്റ്സ്മാൻമാരും രണ്ടക്കം കണ്ടില്ല.

മറുപടിയിൽ ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ചെന്നൈയ്ക്കു തുടക്കത്തിലേ വൻ അടികളൊന്നും നടത്താനായില്ല. എട്ട് റൺസിലെത്തിയപ്പോൾ റണ്ണൊന്നുമെടുക്കാത്ത ഷെയ്ൻ വാട്‌സണെ യുസ് വേന്ദ്ര ചാഹൽ ക്ലീൻബൗൾഡാക്കി. അമ്പാടി റായുഡുവിനൊപ്പം സുരേഷ് റെയ്ന ചേർന്നതോടെ മത്സരം ചെന്നൈയ്ക്ക് അനുകൂലമായി. ചെന്നൈ സ്‌കോർ 40ലെത്തിയപ്പോൾ സിക്സിനു ശ്രമിച്ച റെയ്ന ദുബെയ്ക്കു ക്യാച്ച് നല്കി. മോയിൻ അലിക്കായിരുന്നു വിക്കറ്റ്. 28 റൺസ് എടുത്ത റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ജാദവും ജഡേജയും പുറത്താകാതെനിന്നു. ഹർഭജനാണ് മാൻ ഓഫ് ദ മാച്ച്.