സർക്കാർ നൽകിയ പട്ടയ ഭൂമി താമസ യോഗ്യമല്ല; സ്ഥലം നല്‍കിയില്ലെങ്കില്‍ സമരഭൂമിയില്‍ താമസമാക്കുമെന്ന് സമരക്കാർ; ചെങ്ങറ വീണ്ടും സമരത്തിലേയ്ക്ക്

സർക്കാർ നൽകിയ പട്ടയ ഭൂമി താമസ യോഗ്യമല്ലാത്തതിനാൽ ഉപേക്ഷിച്ചുപോയ 235 കുടുംബങ്ങൾക്ക് പത്തനംതിട്ട ചെങ്ങറ സമരഭൂമിയിൽ സ്ഥലം ലഭ്യമാക്കണമെന്ന് സാധുജന വിമോചന സംയുക്തവേദി അവശ്യപ്പെട്ടു. സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ ചെങ്ങറ സമരഭൂമിയിൽ കയറി താമസിക്കുമെന്നും ഇവർ പറഞ്ഞു.

ചെങ്ങറ സമരഭൂമിയിൽതാമസിച്ച് വന്നിരുന്ന 235 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിട്ട് 11 വർഷമാകുന്നു. എന്നാൽ ഇവർക്ക് നൽകിയ കാസർഗോഡ്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ഭൂമിയിൽ വന്യമ്യഗങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം വാസയോഗ്യമല്ലാത്തതിനെ തുടർന്ന് ഇവർ ഉപേക്ഷിച്ചിരുന്നു. പകരം വാസ യോഗ്യമായ ഭൂമി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. താമസ യോഗ്യമായ ഭൂമി ഇതുവരെയും ഇവർക്ക് ലഭിച്ചില്ല.

പട്ടികവർഗ്ഗക്കാർക്ക് 1 ഏക്കർ, പട്ടിക ജാതിക്കാർക്ക് 50 സെന്‍റ് ഇതര വിഭാഗക്കാർക്ക് 25 സെന്‍റ് എന്നീ പ്രകാരം ജില്ലയിൽതന്നെ ഭൂമി വിതരണം ചെയ്യുന്നതിന് 2009 ഒക്ടോബറിൽ സർക്കാർ തലത്തിൽ തീരുമാനമായതാണങ്കിലും 235 പേർക്ക് ഭൂമി കിട്ടിയിട്ടില്ല. ഭൂവിതരണത്തിന് മതിയായ ഭൂമി ജില്ലയിൽ തന്നെ കുമ്പഴ, കോന്നി, ളാഹ, മണിമല തുടങ്ങിയ സ്ഥലങ്ങളിൽ നിലവിലുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഭൂമി ലഭിച്ചില്ലെങ്കിൽ ചെങ്ങറ സമരഭൂമിയിൽ പ്രവേശിച്ച് താമസിക്കുമെന്നും അവർ പറഞ്ഞു. ചെങ്ങറ ഭൂമി അളന്ന് പട്ടയക്കാർക്ക് വിതരണം ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Comments (0)
Add Comment