കെ റെയില്‍ പദ്ധതി വിശദീകരിക്കാനെത്തിയ സിപിഎം പ്രവർത്തകരെ നാട്ടുകാർ ആട്ടിയോടിച്ചു l വീഡിയോ

Jaihind Webdesk
Monday, March 28, 2022


ചെങ്ങന്നൂർ : കെ റെയില്‍ സിൽവർലൈൻ പദ്ധതിയെ വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ ആട്ടിയോടിച്ചു. അലൈന്‍മെന്‍റ്  കടന്നുപോകുന്ന വെൺമണി പുന്തലയിലാണ് സിപിഎമ്മുകാരെ നാട്ടുകാർ വീടുകളില്‍ നിന്ന് നാണംകെടുത്തി ഇറക്കി വിട്ടത്.

അതേസമയം ഇതുവഴി ലൈൻ കടന്നുപോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു ലോക്കൽ കമ്മിറ്റി അംഗം വിശദീകരണത്തിനിടെ പറഞ്ഞു. രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെയാണ്  നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താനെന്ന്  ലോക്കൽ കമ്മിറ്റി അംഗം നാട്ടുകാരോട് പറഞ്ഞത്.

https://youtu.be/r9wrPHW3j_Q

കഴിഞ്ഞദിവസം വെൺമണി പഞ്ചായത്ത് 9–ാം വാർഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരെയാണു ശകാരവർഷവുമായി നാട്ടുകാർ നേരിട്ടത്. ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയാറല്ലെന്നും ഇവർ നേതാക്കളോടു പറഞ്ഞു. അത്രയ്ക്കു നിർബന്ധമാണെങ്കിൽ നിങ്ങളുടെ വസ്തു ഞങ്ങൾക്ക് എഴുതി തരൂ, അപ്പോൾ വീടു വിട്ടിറങ്ങാം എന്നും ചിലർ പറഞ്ഞു.

വിശദീകരണം ഉൾപ്പെടുത്തിയ ലഘുലേഖകൾ വാങ്ങാനും നാട്ടുകാർ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാനനേതൃത്വത്തിന്‍റെ നിർദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞു നേതാക്കൾ തടിതപ്പി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ദൂരത്തിലാണു ലൈൻ കടന്നുപോകുന്നത്. 2.06 ഹെക്ടർ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും.