കുടിവെള്ള ക്ഷാമം രൂക്ഷം ; ചെങ്ങളായില്‍ കുടിവെള്ളമെത്തിച്ച് മാതൃകയായി കോൺഗ്രസ്സ് പ്രവർത്തകർ

Jaihind Webdesk
Saturday, June 1, 2019

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് കുടിവെള്ളമെത്തിച്ച് മാതൃകയാവുകയാണ് കണ്ണൂർ  ചെങ്ങളായിലെ കോൺഗ്രസ്സ് പ്രവർത്തകർ. ചെങ്ങളായി ചുഴലിയിലെ കോൺഗ്രസ്സ് ഭവനിൽ സ്ഥാപിച്ച കുഴൽ കിണറിൽ നിന്ന് ദിവസവും ആയിരകണക്കിന് ലിറ്റർ വെള്ളമാണ് ചെങ്ങളായിലെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും എത്തിക്കുന്നത്.

കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ച്  മാതൃക ആവുകയാണ് ചെങ്ങളായി ചുഴലിയിലെ കോൺഗ്രസ് പ്രവർത്തകർ. ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെയും, സമീപ പ്രദേശമായ  ശ്രീകണ്ഠാപുരത്തെയും കുടിവെള്ളം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നത്  ചുഴലിയിലെ കോൺഗ്രസ്സ് ഭവനിൽ സ്ഥാപിച്ച  കുഴൽകിണറിൽ നിന്നാണ്. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന വിവിധ  ക്ലബുകളുടെയും  ട്രസ്റ്റുകളുടെയും നേതൃത്വത്തിലാണ് കുടിവെള്ള വിതരണം. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാവുകയും, അത് പരിഹരിക്കാൻ ഭരണകൂടം പരാജയപ്പെടുകയും ചെയ്തതോടെ  ചുഴലി ചാലിൽവയലിലെ കോൺഗ്രസ് പ്രവർത്തകർ മുൻകൈയെടുത്ത് കൊണ്ടാണ് കുടിവെള്ള വിതരണം ആരംഭിച്ചത്.

യൂത്ത് കോൺഗ്രസ് കമ്മിറ്റി, കെഎംസിസി ചുഴലി യൂണിറ്റ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്തിലാണ് ഇവിടെ നിന്നും വെള്ളം ശേഖരിച്ച് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് .ചുഴലി പ്രദേശത്തെ ഹോട്ടലുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും വിവാഹവീടുകളിലും യഥേഷ്ടം കുടിവെള്ളം ഇവിടെ നിന്നും നൽകുന്നുണ്ട്. കുടിവെള്ളക്ഷാമം ഏറെ അനുഭവിക്കുന്ന ഈ പ്രദേശത്തിന് ഒരു ആശ്വാസമായി മാറുകയാണ് ഇവരുടെ കുടിവെള്ള വിതരണം.