ചേലക്കര ഉപതിരഞ്ഞെടുപ്പ്; ചേലക്കരയുടെ ചേല് ആരെടുക്കും

തൃശ്ശൂര്‍:ചേലക്കരയില്‍ ആര് ജയിക്കും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, അവസാനവട്ട കണക്ക് കൂട്ടിലില്‍ മുന്നണികള്‍. നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. പത്തുമണിയോടെ വിജയി ആരാണെന്ന് വ്യക്തമാകും.

ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 2,13,103 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,55,075 പേര്‍ വോട്ട് ചെയ്തു. അതായത് 72.77 ശതമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 72.42 ശതമാനത്തേക്കാള്‍ നേരിയ വര്‍ദ്ധനവാണിത്. നേരിയതാണെങ്കിലും ഈ മാറ്റം യുഡിഎഫിന് അനുകൂലമാകുമെന്ന് നേതൃത്വം പറയുന്നു. ഭരണ വിരുദ്ധ വികാരവും. ചേലക്കരയിലെ 28 വര്‍ഷത്തെ വികസനമുരടിപ്പും യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്.

ഒമ്പതിനായിരത്തോളം വരുന്ന പുതിയ വോട്ടര്‍മാരില്‍ അയ്യായിരത്തിലധികം പുതിയ വോട്ടുകള്‍ ചേര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വോട്ടര്‍മാരുടെ പിന്തുണ യുഡിഎഫിന് അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് കരുതപ്പെടുന്നു. പട്ടികജാതി കോളനികളില്‍ നിലനില്‍ക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിലെ പിന്നോക്കാവസ്ഥ എല്‍ഡിഎഫിന് എതിരായ വിധിയെഴുത്തിന് കാരണമാകും.

നാളെ രാവിലെ എട്ടുമണിക്ക് ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 177 പോളിംഗ് ബൂത്തുകള്‍ ആണ് ചേലക്കരയില്‍ ഉള്ളത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആയിരിക്കും വോട്ട് എണ്ണല്‍ നടക്കുക. ആകെ 9 പഞ്ചായത്തുകള്‍ ചേലക്കരയില്‍ ഉണ്ട് . വരവൂര്‍,ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍,ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നീ ക്രമത്തില്‍ ആയിരിക്കും വോട്ടെണ്ണല്‍ നടക്കുക. പത്തുമണിയോടെ വിജയി ആരാണെന്ന് വ്യക്തമാകും.

Comments (0)
Add Comment