ചേലക്കര മണ്ഡലം വികസന മുരടിപ്പിന്റെ നേർ ഉദാഹരണം; ഇടത് എംഎൽഎമാർ മാറി മാറി വന്നിട്ടും ചേലക്കരക്കാർക്ക് ദുരിതം മാത്രം സമ്മാനം

ചേലക്കര: സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്. പൊതുവിഷയങ്ങൾക്കൊപ്പം വികസ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ചേലക്കരയിലെ പ്രചാരണത്തിൽ കത്തിക്കയറുകയാണ്. 1996 മുതൽ മണ്ഡലം കൈയ്യാളുന്ന എൽ.ഡി.എഫ് ചേലക്കരയിൽ ഒന്നും ചെയ്തില്ല എന്ന് അക്കമിട്ട് നിരത്തുകയാണ് യുഡിഎഫ്. കുടിവെള്ളം മുതൽ 24 വർഷമായി ഏങ്ങുമെത്താതെ കിടക്കുന്ന റൈസ് പാർക്ക് വരെയാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.

മണ്ഡലത്തിലെ സാധാരണക്കാർ ദുരിതത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ആരോഗ്യരംഗത്തെ പരാധീനതകളാണ് പ്രധാനം. മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായ മന്ത്രി വീണജോർജിനെ 40 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലാണ് കൊണ്ടുപോയത്.

ചേലക്കര സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കിയെങ്കിലും അതനുസരിച്ചുള്ള സൗകര്യങ്ങളില്ല. സമീപത്തെ സർക്കാർ ആശുപത്രികളിലൊന്നിലും രാത്രിയിൽ ഡോക്ടർമാരില്ല. കാർഷികവിളകളുടെ വിലയിടിവും വന്യമൃഗശല്യവും ഏറെ. ചെറുതുരുത്തി, പൊന്നാനി റോഡ്, തൊഴുപ്പാടം ഒറ്റപ്പാലം റോഡ് തുടങ്ങിയവെയല്ലം തകർന്നു. ഇവിടെയെല്ലാം ആക്ഷൻ കൗൺസിൽ സമരത്തിലാണ്.

തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് പരയ്ക്കാട് റൈസ് പാർക്ക്. 1996-97ലെ പട്ടികജാതി വികസന ഫണ്ടിലെ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച പരയ്ക്കാട് റൈസ് പാർക്ക് പ്രവർത്തനരഹിതമാണ്. മില്ല് 3.5 കോടി നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോർട്ട് ചെയ്തിരുന്നു. ആശിർവാദ് സൊസൈറ്റി രൂപീകരണത്തിലെ രാഷ്ട്രീയവും വിനയായി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിച്ച ബസുമതി നെല്ല് സംസ്‌കരിക്കാനായി മുമ്പ് ഇവിടെയെത്തിച്ചിരുന്നു. എന്നാൽ പ്ലാന്റ് ബസുമതി നെല്ലിന്റെ സംസ്‌കരണത്തിന് അനുയോജ്യമല്ലെന്ന് പിന്നീടാണ് മനസിലായത്.

ചേലക്കരയിലെ റോഡ് ഗതാഗത്തെപ്പറ്റി പറയാതിരിക്കുന്നതാകും ഭേദം. നാട്ടിൻചിറ– തോന്നൂർക്കര വഴിയുള്ള ചേലക്കര ബൈപാസ് റോഡ്, പഴയന്നൂർ ബൈപാസ് റോഡ് എന്നെല്ലാം പറഞ്ഞു കേൾക്കാനും ബജറ്റിൽ തുക വകയിരുത്താനും തുടങ്ങിയിട്ടും പതിറ്റാണ്ടിലേറെയായി. പദ്ധതികൾ ഇപ്പോഴും കടലാസിൽ നിന്നു പുറത്തു വരാതെ കിടപ്പാണ്. ചേലക്കര ∙പ്ലാഴി–വാഴക്കോട് റോഡ് പുനർ നിർമാണത്തിനു 120 കോടിയിലേറെ ചെലവിട്ടിട്ടും ഫലമുണ്ടായില്ലെന്ന പരാതി നാട്ടിലുണ്ട്. അപകടകരമായ വളവുകൾ മാത്രമായിരുന്ന റോഡിന്റെ ശാപം.

വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം ഒന്നര പതിറ്റാണ്ടു മുൻപു നിർമാണം പൂർത്തിയായ പിൽഗ്രിം സെന്റർ ചേലക്കര നിയോജക മണ്ഡലത്തിലെ അനാസ്ഥയുടെ മറ്റൊരു സ്മാരകമാണ്. തീർഥാടകർക്കുള്ള ശുചിമുറികളും വിശ്രമത്തിനുള്ള സൗകര്യവും വിഭാവനം ചെയ്തു 30 ലക്ഷത്തോളം അക്കാലത്തു ചെലവിട്ട പദ്ധതി ഇന്നു വരെ പ്രവർത്തിച്ചിട്ടില്ല.

∙കേരളപ്പിറവി സുവർണ ജൂബിലി സ്മാരകമായി വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു കവി സുഗതകുമാരി സ്വപ്നം കണ്ടതാണു മലാറ കുന്നിലെ നാട്ടുമാന്തോപ്പ്. നാളേക്കു 18 വർഷം പൂർത്തിയാകുമ്പോഴും പദ്ധതി എങ്ങുമെത്തിയിട്ടില്ല. 2006 നവംബർ 1നു കേരളത്തിലെ മന്ത്രിമാരും സുഗതകുമാരിയും അടക്കമുള്ള 50  സാംസ്കാരിക പ്രമുഖർ ചേർന്ന് 50 മാവിൻ തൈകൾ നട്ടാണു പദ്ധതി തുടങ്ങിയത്. റവന്യു, വനം, ടൂറിസം വകുപ്പുകളുടെ ശീതസമരം മൂലം പദ്ധതി മുളയിലേ നുള്ളിയ മട്ടായി. പിന്നീട് ഇക്കോ ടൂറിസം വകുപ്പിനു ചുമതല നൽകിയെങ്കിലും കാര്യമായി ഒന്നും നടന്നില്ല.

ചുരുക്കത്തിൽ സിപിഎം പ്രതിനിധി മണ്ഡലത്തിൽ ഉണ്ടായിട്ടും, കേരളം ഇടത് മുന്നണി ഭരിച്ചിട്ടും ചേലക്കര മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന ചുരുക്കം. വോട്ട് വാങ്ങി നിയമസഭയിലെത്തുന്ന ഇടത് പ്രതിനിധി ചേലക്കരക്കാരെ ചതിച്ചു എന്ന് ഒറ്റവാക്കിൽ പറയാം.

Comments (0)
Add Comment