രണ്ടരക്കോടിയുടെ സ്വര്‍ണ്ണത്തട്ടിപ്പ്: അസിസ്റ്റന്റ് ബാങ്ക് മാനേജരെയും ഭര്‍ത്താവിനെയും കസ്റ്റഡിയില്‍ വിട്ടു

ആലുവ: ബാങ്കില്‍ പണയംവച്ചിരുന്ന 2.3 കോടി രൂപയുടെ സ്വര്‍ണം തട്ടിയ കേസില്‍ പിടിയിലായ ബാങ്ക് ഉദ്യോഗസ്ഥയെയും ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. യൂനിയന്‍ ബാങ്ക് ആലുവ ശാഖയിലെ സ്വര്‍ണപ്പണയ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി പാദുവാപുരം കരുമത്തിവീട്ടില്‍ സിസ്‌മോള്‍ ജോസഫ് (34), ഭര്‍ത്താവ് കളമശേരി സജി നിവാസില്‍ സജിത് (35) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കോഴിക്കോടു നിന്ന് വ്യാഴാഴ്ചയാണ് ഇവര്‍ പിടിയിലായത്.

128 ലോണ്‍ പായ്ക്കറ്റുകളിലെ 8.85 കിലോ സ്വര്‍ണമാണ് ഒരുവര്‍ഷത്തിനിടയില്‍ സിസ്‌മോള്‍ ബാങ്ക് ലോക്കറില്‍നിന്ന് കവര്‍ന്നെടുത്തതെന്ന് റൂറല്‍ പൊലീസ് ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന ഡിസിപി ഹിമേന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2.3 കോടി രൂപ വിലവരുന്ന ഈ സ്വര്‍ണം ആലുവയിലും അങ്കമാലിയിലുമുള്ള മുപ്പതോളം ധനകാര്യസ്ഥാപനങ്ങളില്‍ പണയംവച്ചിരിക്കുകയാണ്. സജിത്തിനെ ഷെയര്‍മാര്‍ക്കറ്റ് ബിസിനസില്‍ സഹായിക്കുന്നതിനാണ് ഭാര്യ കവര്‍ച്ച നടത്തിയത്.
പണയ ഉരുപ്പടികള്‍ക്കുപകരം മുക്കുപണ്ടവും കുപ്പിവളകളുമാണ് ലോക്കറില്‍ വച്ചിരുന്നത്. നവംബര്‍ 16നാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ബാങ്കില്‍നിന്ന് പരിശീലനക്ലാസില്‍ പങ്കെടുക്കാന്‍ സിസ്‌മോള്‍ പോയദിവസം പണയ ഉരുപ്പടി എടുപ്പിക്കാന്‍ വന്ന ഒരാള്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജര്‍ നവംബര്‍ 17ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അപ്പോഴേക്കും പ്രതികള്‍ മുങ്ങിയിരുന്നു.

നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഗോവ, പനാജി, ഉഡുപ്പി, ബംഗളൂരു, മംഗളൂരു, ഗോകര്‍ണം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. സൈബര്‍ സെല്ലിന്റെയും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായത്തോടെയായിരുന്നു തെരച്ചില്‍. പ്രതികള്‍ കോഴിക്കോട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം റെയില്‍വേ സ്‌റ്റേഷനിലും പൊലീസ് സ്‌റ്റേഷനിലും വിവരം കൈമാറി. അവിടെയുള്ള ലോഡ്ജുകളിലും ഡ്രൈവര്‍മാര്‍ക്കിടയിലും പ്രധാന വാട്‌സാപ് ഗ്രൂപ്പുകളിലും സന്ദേശം കൈമാറി. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ നമ്പര്‍ ലഭിച്ചതനുസരിച്ച് ഇവരെ പൊലീസ് പിന്തുടരുന്നതിനിടെ വിവരം മനസ്സിലാക്കി ഗത്യന്തരമില്ലാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. 2017 ഒക്ടോബര്‍മുതല്‍ ബാങ്കില്‍ പണയം വച്ച ഉരുപ്പടികളാണ് കൈക്കലാക്കിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഉരുപ്പടികള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് ഡിസിപി പറഞ്ഞു.

arrestcrime
Comments (0)
Add Comment