ചവറ എം.എല്‍.എ എൻ വിജയൻ പിള്ള അന്തരിച്ചു

Jaihind News Bureau
Sunday, March 8, 2020

കൊല്ലം : ചവറ എം.എൽ.എ എൻ വിജയൻ പിള്ള അന്തരിച്ചു. പുലർച്ചെ മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് ചവറയിൽ നടക്കും.

അസുഖബാധിതനായി ചെന്നൈയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നും വിലാപയാത്രയായിട്ടാണ് അദ്ദേഹത്തിന്‍റെ മൃതദേഹം ജന്മനാടായ ചവറയിലേക്ക് കൊണ്ടുവന്നത്. സി.പി.എം ചവറ ഏരിയാ കമ്മിറ്റി ഓഫിസിലും ചവറ പഞ്ചായത്തോഫീസിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ചവറയിൽ നിന്നും ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയൻപിള്ള ആദ്യമായി നിയമസഭയിലെത്തിയത്. പ്രമുഖ ആർ.എസ്.പി നേതാവായിരുന്ന മെംബർ നാരായണപിള്ളയുടെ മകനായ വിജയൻ പിള്ള വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. സജീവ ആർ.എസ്.പി പ്രവർത്തകനായിരുന്ന അദ്ദേഹം 1979 മുതൽ 21 വർഷം ചവറ പഞ്ചായത്ത് അംഗം മായിരുന്നു.

ആർ.എസ്.പിയിൽ നിന്നും കോൺഗ്രസിലെത്തിയ വിജയൻ പിള്ള പിന്നിട്ട് ജില്ലാ പഞ്ചായത്ത് അംഗമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.എം.പി പ്രതിനിധിയായി മത്സരിച്ചാണ് നിയമസഭയിൽ എത്തിയത്. പിന്നിട് സി.എം.പി യുടെ ഈ വിഭാഗം സി.പി.എമ്മിൽ ലയിക്കുകയായിരുന്നു. പൊതുപ്രവർത്തനത്തോടൊപ്പം വലിയൊരു വ്യവസായ ശൃംഖലയുടെ അമരക്കാരനുമായിരുന്നു അദ്ദേഹം. സൗമ്യതയുടെ പ്രതീകമായ വിജയൻ പിള്ളയാണ് ആർ.എസ്.പിക്കാരനല്ലാതെ ചവറയിൽ നിന്നും വിജയിച്ച ആദ്യ ജനപ്രതിനിധി.